കടലിനുമീതെ 11 തവണ വട്ടമിട്ട് ഇന്ധനം കളഞ്ഞ് സുരക്ഷിത ലാൻഡിംഗ്

Saturday 25 February 2023 12:27 AM IST

തിരുവനന്തപുരം: കടലിനുമീതെ 11 തവണ വട്ടമിട്ട് പറന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ കോഴിക്കോട്-ദമാം എയർഇന്ത്യാ എക്‌സ്‌‌പ്രസ് ഇറങ്ങിയത് അധിക ഇന്ധനം കളഞ്ഞശേഷം. ഉയർന്ന ഭാരത്തിൽ പറന്നുയരാനും കുറഞ്ഞ ഭാരത്തിൽ ഇറങ്ങാനും തക്കരീതിയിലാണ് വിമാനങ്ങളുടെ രൂപകല്പന.

വട്ടമിട്ട് പറക്കുമ്പോൾ ഇന്ധനം കത്തിത്തീരുന്നതിനാൽ ഭാരം കുറഞ്ഞ വിമാനമാകും ലാൻഡ് ചെയ്യുക. ഉയർന്ന ഭാരവുമായി പറന്നിറങ്ങുന്ന വിമാനം കൂടുതൽ ശക്തമായി റൺവേയിൽ ഇറങ്ങേണ്ടി വരുമ്പോൾ അപകടം സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.

ഇന്ധനം ഒഴിവാക്കുന്നത് എങ്ങനെ?

വിമാനം വട്ടമിട്ട് പറത്തി ഇന്ധനം കുറയ്‌ക്കാം.

ലാൻഡിംഗ് ഗീയർ താഴ്‌ത്തി ഘർഷണം കൂട്ടിയാലും ഇന്ധനം കത്തിത്തീരും.

ചിറകിനോട് ചേർന്ന്

ഇന്ധനം പുറന്തള്ളാനുള്ള സംവിധാനം എൻജിനിൽ നിന്നുമാറി ചിറകിനോട് ചേർന്നാണ് വിമാനങ്ങളിലുള്ളത്. 5,000 അല്ലെങ്കിൽ 6000 അടി മുകളിൽ വച്ചാണ് ഇന്ധനം പുറന്തള്ളുന്നത്. ഇന്നലെ അത് 5,000 അടി മുകളിലായിരുന്നു. ജനവാസം കുറഞ്ഞ മേഖലകളിലോ സമുദ്രത്തിന് മുകളിലോ വച്ചാകും ഇന്ധനം പുറത്തുവിടുക. തിരുവനന്തപുരം വിമാനത്താവളത്തിൽ ശംഖുംമുഖത്തിന് അപ്പുറത്തായി അറബിക്കടലിൽ പ്രത്യേക ഉയരത്തിലാണ് ഇന്ധനത്തിന്റെ അളവ് കുറച്ചത്. ഒരു മണിക്കൂറോളം സമയം ഇതിനെടുത്തു.

60 പേജ് മാർഗനിർദ്ദേശം

അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാൻ എയർ ട്രാഫിക് കൺട്രോൾ എസ്.ഒ.പിയ്‌ക്ക് (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ) രൂപം നൽകിയിട്ടുണ്ട്. 60 പേജുള്ള മാർഗനിർദ്ദേശമാണിത്.