പ്രതികൂല സാഹചര്യത്തിലും സേഫ് ലാൻഡിംഗ്; വിമാനങ്ങളുടെ രക്ഷാകേന്ദ്രം

Saturday 25 February 2023 1:29 AM IST

തിരുവനന്തപുരം: യന്ത്രത്തകരാർ,മൂടൽമഞ്ഞ്,പെരുമഴ,ശക്തമായ കാറ്റ്...ഏത് പ്രതികൂല സാഹചര്യത്തിലും സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യാവുന്ന റൺവേയാണ് തിരുവനന്തപുരം വിമാനത്താവളത്തിലേത്. കരിപ്പൂർ-ദമാം എയർഇന്ത്യ എക്സ്‌പ്രസ് വിമാനം രണ്ടരമണിക്കൂർ ചുറ്റിക്കറങ്ങിയ ശേഷം ലാൻഡിംഗിന് തിരഞ്ഞെടുത്തത് തിരുവനന്തപുരം വിമാനത്താവളത്തെയാണ്. ഹൈഡ്രോളിക് തകരാറുണ്ടായ വിമാനം സുരക്ഷിതമായി സേഫ് ലാൻഡിംഗ് നടത്തുകയായിരുന്നു.

യന്ത്രത്തകരാറുണ്ടായ വിമാനങ്ങൾ അടിയന്തര ലാൻഡിംഗ് നടത്തുന്നത് ആദ്യമല്ല. 2021 ജൂലായിൽ തഞ്ചാവൂരിൽ നിന്ന് തിരുവനന്തപുരത്തെ ദക്ഷിണ വ്യോമകമാൻഡിലേക്ക് വന്ന യാത്രാവിമാനം ഹൈഡ്രോളിക് തകരാറുണ്ടായതിനെത്തുടർന്ന് ഇവിടെ എമർജൻസി ലാൻഡിംഗ് നടത്തിയിരുന്നു. ഓയിൽ ചോർച്ചയുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും കെട്ടിവലിച്ച് ടെക്നിക്കൽ ഏരിയയിലേക്ക് മാറ്റുകയും ചെയ്‌തു. റൺവേയിൽ പടർന്ന ഓയിൽ നീക്കം ചെയ്യാൻ വിമാനത്താവളവും റൺവേയും പത്തു മിനിറ്റ് അടച്ചിടേണ്ടിവന്നു. സേനാനീക്കത്തിന് ഉപയോഗിക്കുന്ന വ്യോമസേനയുടെ ബ്രിട്ടീഷ് നിർമ്മിത ആവ്‌റോ വിമാനത്തിന്റെ ഹൈഡ്രോളിക് ഓയിൽ (ഫ്ലൂയിഡ്) ലീക്കായതായിരുന്നു പ്രശ്‌നമായത്.

104 യാത്രക്കാരും എട്ട് ജീവനക്കാരുമായി അറബിക്കടലിന് 39,000അടി ഉയരത്തിൽ പറക്കുമ്പോൾ ഹൈഡ്രോളിക് തകരാറുണ്ടായ ഷാർജ-കരിപ്പൂർ എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനവും എമർജൻസി ലാൻഡിംഗ് നടത്തിയിരുന്നു. ഷാർജയിൽ നിന്നുള്ള വിമാനം കരിപ്പൂർ അടുക്കാറായപ്പോഴാണ് ഹൈഡ്രോളിക് സംവിധാനം തകരാറിലാണെന്ന സന്ദേശം പൈലറ്റിന് ലഭിച്ചത്. കരിപ്പൂരിലും നെടുമ്പാശേരിയിലും അടിയന്തര ലാൻഡിംഗിന് പൈലറ്റ് തയ്യാറായില്ല. ഇവിടെ ബി-കാറ്റഗറി എമർജൻസി പ്രഖ്യാപിച്ച്, നിലത്തിറക്കിയ വിമാനത്തിന്റെ ഇടതു ടയറിൽ നിന്നുയർന്ന പുക അഞ്ച് അത്യാധുനിക പാന്തർ ക്രാഷ് ഫയർ എൻജിനുകളുപയോഗിച്ച് ശമിപ്പിച്ചു.

അടിയന്തര സാഹചര്യവും നേരിടും

 തകരാറുകളുണ്ടാവുന്ന വിമാനങ്ങൾ അടിയന്തരസാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകളോടെ നിലത്തിറക്കും.

 എമർജൻസി പ്രഖ്യാപിച്ച്, അഞ്ച് പാന്തർ ക്രാഷ് ഫയർ ടെൻഡറുകൾ റൺവേയുടെ ഇരുവശത്തും നിലയുറപ്പിക്കും.

സിറ്റി പൊലീസ്,ഫയർഫോഴ്സ്,ആശുപത്രികൾ എന്നിവയ്ക്ക് ജാഗ്രതാനിർദ്ദേശം നൽകും. ഫയർഫോഴ്സ് യൂണിറ്റുകളും പൊലീസും വിമാനത്താവളത്തിനു പുറത്ത് നിലയുറപ്പിക്കും.

 ആശുപത്രികളിൽ കൂടുതൽ എമർജൻസി സൗകര്യങ്ങളൊരുക്കും. എല്ലാ ഏജൻസികളുടെയും പ്രവർത്തനം ഏകോപിപ്പിക്കുക ഏപ്രൺ കൺട്രോളാണ്.

 റൺവേയ്ക്ക് കേടുപാടുണ്ടെങ്കിൽ അത് അടച്ചശേഷം എല്ലാ വിമാനങ്ങൾക്കും പൈലറ്റുമാർക്കും മുന്നറിയിപ്പ്

സന്ദേശം നൽകുകയും വിമാനക്കമ്പനികൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.

കാലാവസ്ഥ ചതിച്ചാലും

കനത്ത മൂടൽമഞ്ഞിലും വിമാനങ്ങൾ സുരക്ഷിതമായി ഇറക്കാം. ഓഖി ചുഴലിക്കാറ്റിൽ കടലിൽ കുടുങ്ങിയ 1540 മത്സ്യത്തൊഴിലാളികളെ കോരിയെടുത്ത 'ഓപ്പറേഷൻ സിനർജി'യുടെ കേന്ദ്രബിന്ദുവായിരുന്നു. മഹാപ്രളയ കാലത്ത് നെടുമ്പാശേരി മുങ്ങിയപ്പോൾ വിമാനങ്ങൾ തിരുവനന്തപുരത്തേക്കാണ് തിരിച്ചുവിട്ടത്.

5.83കോടി ചെലവിൽ അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം വന്നതോടെ, കാഴ്ചപരിധി 550മീറ്റർ വരെ താണാലും ലാൻഡിംഗ് സാദ്ധ്യമാവും. നേരത്തേ 800മീറ്ററായിരുന്നു. റൺവേയിൽ നിന്ന് തെന്നിമാറിയുള്ള അപകടങ്ങളും കാഴ്ചപരിധി കുറഞ്ഞ് വിമാനം വഴിതിരിച്ചുവിടുന്നതും ഇതോടെ ഒഴിവായി.

നെടുമ്പാശേരിയിലും ടേബിൾടോപ്പ് വിമാനത്താവളമായ കരിപ്പൂരിലും മൂടൽമഞ്ഞിലും മഴയിലും ലാൻഡിംഗ് അസാദ്ധ്യമാണ്, തിരുവനന്തപുരത്ത് ഈ പ്രശ്‌നമില്ല. 3373മീറ്റർ നീളവും 150അടിവീതിയുമുള്ള റൺവേ 191രാജ്യങ്ങളിലെ അതേ നിലവാരത്തിൽ റീ-കാർപ്പെറ്റിംഗ് നടത്തിയിരുന്നു.

Advertisement
Advertisement