ആളനക്കമില്ലാതെ യൂറോളജി വിഭാഗം

Friday 24 February 2023 10:44 PM IST

  • ഡോക്ടർമാരില്ലാതെയായിട്ട് മൂന്ന് മാസം

തൃശൂർ : എല്ലാവിധ ആധുനിക സൗകര്യങ്ങളും, കാണാനേറെ ചന്തവും. പക്ഷേ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് യൂറോ വിഭാഗത്തിൽ ആളനക്കം ഇല്ലാതായിട്ട് മാസങ്ങൾ. മൂന്ന് മാസമായി യൂറോ വിഭാഗത്തിൽ ഡോക്ടർമാരേ ഇല്ല. ഇതോടെ നൂറ് കണക്കിന് പേർ മറ്റ് മെഡിക്കൽ കോളേജുകളെയോ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട ഗതികേടിലാണ്.

ഡോക്ടർമാരില്ലെന്ന് അറിയാതെ പല ജില്ലകളിൽ നിന്നും മണിക്കൂറോളം സഞ്ചരിച്ച് ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് നിരാശരായി മടങ്ങിപ്പോകേണ്ട അവസ്ഥയാണ്. നേരത്തെ രണ്ട് ഡോക്ടർമാരുണ്ടായിരുന്ന ഇവിടെ നിന്ന് ഒരാളെ സ്ഥലം മാറ്റിയപ്പോൾ പകരം ആളെ നിയമിക്കാതെ ഉന്തി നീക്കുകയായിരുന്നു. അതിനിടെ രണ്ടാമത്തെ ഡോക്ടർ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നീണ്ട അവധിയിൽ പ്രവേശിച്ചു. ഇതോടെ മുളങ്കുന്നത്തുകാവിലെ യൂറോ വിഭാഗത്തിന് താഴ് വീഴുകയായിരുന്നു. മൂത്രാശയ സംബന്ധമായ അസുഖമായി വരുന്നവരെ താത്കാലിക ആശ്വാസമെന്ന നിലയിൽ സർജറി വിഭാഗത്തിലെ ഡോക്ടർമാരെ കാണിക്കാൻ നിർദ്ദേശിച്ച് മടക്കുകയാണ് പതിവ്.

എത്തിയിരുന്നത് 500 ഓളം പേർ

നേരത്തെ യൂറോ വിഭാഗത്തിൽ തിങ്കളാഴ്ച്ചയും ബുധനാഴ്ച്ചയും ഒ.പി പ്രവർത്തിച്ചിരുന്നെങ്കിലും ഡോക്ടർമാരുടെ എണ്ണം കുറഞ്ഞതോടെ ബുധനാഴ്ച്ച മാത്രമാക്കി ചുരുക്കി. ഈ ദിവസം മാത്രം അഞ്ഞൂറോളം രോഗികളാണെത്തിയിരുന്നത്. ഈ വിഭാഗത്തിലെ ശസ്ത്രക്രിയകളും കിടത്തി ചികിത്സയും മുടങ്ങി.

നിയമിച്ചയാൾ എത്തി നോക്കിയില്ല

യൂറോ വിഭാഗത്തിൽ ഡോക്ടർമാർ ഇല്ലാതായതിനെ തുടർന്ന് പ്രതിഷേധമായതോടെ, സിനീയർ റസിഡന്റിനെ നിയമിച്ചെങ്കിലും അദ്ദേഹം ഇവിടേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല. ജോലി ചെയ്യാൻ താത്പര്യമില്ലെന്ന് ഇദ്ദേഹം രേഖാമൂലം അറിയിച്ചു. ഇതേത്തുടർന്ന് വീണ്ടും ഡോക്ടർമാരെ നിയമിക്കാൻ കത്തെഴുതി കാത്തിരിക്കുകയാണ് മെഡിക്കൽ കോളേജ് അധികൃതർ.

സ്വകാര്യ ആശുപത്രികൾക്ക് കൊയ്ത്തുകാലം

സാധാരണക്കാരായ നൂറ് കണക്കിന് പേരുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ യൂറോ വിഭാഗത്തിൽ ഡോക്ടർമാർ ഇല്ലാതായതോടെ കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളെ ആശ്രയിക്കണം. ഇത്ര അകലെ പോയി ചികിത്സ തേടാനുള്ള പ്രയോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് രോഗം മാറ്റാൻ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. സൗജന്യമായി ലഭിക്കുന്ന ചികിത്സകൾക്ക് ആയിരക്കണക്കിന് രൂപ ചെലവഴിക്കേണ്ട അവസ്ഥയാണ്.

ഡോക്ടർമാരെ നിയമിക്കുന്നതിനാവശ്യമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയിട്ടുണ്ട്. ഉടൻ നിയമനമാകുമെന്നാണ് പ്രതീക്ഷ.

നിഷ എം.ദാസ് സൂപ്രണ്ട് ഇൻ ചാർജ്ജ്.