പള്ളിയുടെ മുന്നിലെ കൽവിളക്ക് തകർത്തു

Saturday 25 February 2023 12:47 AM IST
കൽ വിളക്ക് തകർക്കപ്പെട്ട പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ ദൈവജനമാതാ പള്ളിഎച്ച്. സലാം എം.എൽ.എ സന്ദർശിച്ചപ്പോൾ

പിന്നിൽ ലഹരി മാഫിയയെന്ന് സംശയം

അമ്പലപ്പുഴ : പള്ളിയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന കൽവിളക്ക് തകർത്ത നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ ദൈവജനമാതാ പള്ളിയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന കൽവിളക്കാണ് തകർത്തത്. ഇന്നലെ രാവിലെ കുർബാനക്ക് എത്തിയവരാണ് കൽവിളക്ക് തകർന്നത് ആദ്യം കണ്ടത്. തുടർന്ന് പള്ളി വികാരി ഫാ.ക്ലിഫിനെയും മറ്റു ഭാരവാഹികളേയും വിവരമറിയിച്ചു. സംഭവമറിഞ്ഞ് പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്കോഡും സ്ഥലം പരിശോധിച്ചു. സംഭവത്തിനു പിന്നിൽ ലഹരിമാഫിയയാണെന്ന് സംശയിക്കുന്നതായി വികാരി പറഞ്ഞു. എച്ച് .സലാം എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, വൈസ് പ്രസിഡന്റ് എ.പി.സരിത, അംഗം സുമേഷ് ബാബു, നഗരസഭ കൗൺസിലർ മേരി ലീന എന്നിവർ സ്ഥലം സന്ദർശിച്ചു. പള്ളിയിലേയും സമീപ സ്ഥലങ്ങളിലേയും നിരീക്ഷണ ക്യാമറകൾ പരിശോധനക്ക് വിധേയമാക്കുമെന്ന് സി.ഐ പറഞ്ഞു.