4000കോടി രൂപയുടെ കിഫ്ബി പദ്ധതികൾ പ്രതിസന്ധിയിൽ

Saturday 25 February 2023 12:51 AM IST
കിഫ്ബി പദ്ധതികൾ

ആലപ്പുഴ: കേന്ദ്രം സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെ തുടർന്ന് ജില്ലയിൽ കേരള ഇൻഫ്രസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പദ്ധതികളുടെ പ്രവർത്തനം ഇഴയുന്നു. നേരത്തെ അംഗീകാരം നൽകിയ 4000കോടി രൂപയുടെ 87പദ്ധതികളാണ് പ്രതിസന്ധിയിലായത്.

ആലപ്പുഴ ജനറൽ ആശുപത്രിയുടെ നവീകരണം, കുട്ടനാട് കുടിവവെള്ള പദ്ധതി, ജില്ലാ കോടതി പാലം, ശവക്കോട്ട-കൊമ്മാടിപ്പാലം ഉൾപ്പെടെയുള്ള പ്രധാന പദ്ധതികളാണ് പ്രതിസന്ധി നേരിടുന്നത്. ജനറൽ ആശുപത്രിയുടെ ഐ.പി ബ്ളോക്കിന്റെ മേൽക്കൂര അടർന്ന് വീഴുന്നതിന് പരിഹാരമായി പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്ന നടപടിക്ക് ഇപ്പോഴത്തെ പ്രതിസന്ധി തിരിച്ചടിയാണ്. പുതിയ ഐ.പി ബ്ളോക്ക് നിർമ്മിക്കുന്നതിന് രണ്ട് പ്ളാൻ തയ്യാറാക്കുന്നതിനിടെയാണ് കിഫ്ബി പ്രതിസന്ധിയിലായത്. ഇനി ഐ.പി ബ്ളോക്ക് നിർമ്മിക്കാൻ ബഡ്ജറ്റ് വിഹിതമോ, മറ്റ് ഏജൻസികളുടെ സഹായമോ തേടിണ്ടിവരും. ജില്ല കോടതി പാലത്തിന്റെ നിർമ്മാണത്തിന് ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുക വിതരണം പൂർത്തിയാക്കാനായില്ല.

പ്രഖ്യാപനത്തിൽ ഒതുങ്ങി

സർക്കാരിന് സാമ്പത്തിക പ്രതിസന്ധി ഇല്ലായിരുന്ന സമയത്ത് ജനറൽ ആശുപത്രിയുടെ നവീകരണത്തിന് നിരവധി പ്രഖ്യാപങ്ങളാണ് നടത്തിയത്. 2007ൽ മെഡിക്കൽ കോളേജ് ആശുപത്രി വണ്ടാനത്തേക്ക് മാറ്റാൻ തീരുമാനിച്ചപ്പോൾ ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ആക്കുമെന്ന് അന്നത്തെ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി പ്രഖ്യാപിച്ചെങ്കിലും നടപടികൾഎങ്ങുമെത്തിയില്ല. 117കോടിയുടെ ഒ.പി ബ്ളോക്ക് നിർമ്മാണവും അന്തിമഘട്ടത്തിലാണ്. പുതിയ ബ്ളോക്കിലേയ്ക്ക് താൽക്കാലികമായി രോഗികളെ മാറ്റുന്നതിന് ഒരുമാസം കാത്തിരിക്കണം.