കോൺഗ്രസ് പ്രവർത്തക സമിതി: തിരഞ്ഞെടുപ്പില്ല, നാമനിർദ്ദേശം വീണ്ടും
ദളിത്, ഒ.ബി.സി, യുവ, ന്യൂനപക്ഷ, വനിതാ സംവരണം 50 %
അംഗങ്ങളുടെ എണ്ണം 30ന് മുകളിലേക്ക്
റായ്‌പൂർ: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഒഴിവാക്കി അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ കോൺഗ്രസ് പ്ളീനറി സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനം. ദളിത്, ഒ.ബി.സി, യുവ, ന്യൂനപക്ഷ, വനിതാ വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണം ഉറപ്പാക്കി സമിതി അംഗങ്ങളുടെ എണ്ണം 30ന് മുകളിലേക്ക് ഉയർത്തും . മുൻ അദ്ധ്യക്ഷൻമാരും മുൻ പ്രധാനമന്ത്രിമാരും സ്ഥിരംഗങ്ങളാകും. നിലവിൽ അദ്ധ്യക്ഷനും പാർലമെന്ററി പാർട്ടി നേതാവും മാത്രമാണ് സ്ഥിരാംഗങ്ങൾ.
പുതിയ പ്രവർത്തക സമിതിയിൽ അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, മുൻ പ്രസിഡന്റുമാരായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ സ്ഥിരാംഗങ്ങളായി വരുമെന്നുറപ്പായി. സോണിയ പാർലമെന്ററി പാർട്ടി നേതാവുമാണ്. ദുർബല വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണം നൽകാൻ പ്രവർത്തക സമിതി അംഗങ്ങളുടെ എണ്ണം 30ന് മുകളിലാക്കി ഉയർത്തും. പ്ളീനറി സമ്മേളനത്തിലെ ഭരണഘടനാ ഭേദഗതിയോടെയാണ് മാറ്റങ്ങൾ നിലവിൽ വരുക.
തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ തീരുമാനിച്ച സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രയങ്കാ ഗാന്ധി എന്നിവർ പങ്കെടുത്തില്ല. ഭൂരിപക്ഷ അംഗങ്ങളും നാമനിർദ്ദേശ രീതിയെ പിന്തുണച്ചപ്പോൾ മുതിർന്ന നേതാക്കളായ പി.ചിദംബരം, ദിഗ് വിജയ് സിംഗ്, അജയ് മാക്കൻ തുടങ്ങി ഏതാനും അംഗങ്ങൾ തിരഞ്ഞെടുപ്പ് വേണമെന്നാവശ്യപ്പെട്ടു.