അങ്കച്ചൂടിലുരുകി ഏഴരക്കണ്ടം, തിറയാടി തച്ചോളി മാണിക്കോത്ത് ; കടത്തനാടൻ സ്മൃതികളിൽ വീണ്ടും നിറഞ്ഞ് ഒതേനൻ
തലശ്ശേരി: കടത്തനാടൻ ചരിത്രസ്മൃതികളിൽ ആഴത്തിൽ വേരുന്നി നിൽക്കുന്ന തച്ചോളി ഒതേനന്റെ സ്മൃതിയിൽ നിറഞ്ഞ് കതിരൂർ ഗുരുക്കളുമായി അവസാന പൊയ്ത്ത് നടന്ന പൊന്ന്യം ഏഴരക്കണ്ടവും വടകരക്കടുത്തുള്ള തച്ചോളി മാണിക്കോത്ത് തറവാടും. ഏഴരക്കണ്ടത്തിൽ കേരള ഫോക്‌ലോർ അക്കാഡമി, കതിരൂർ പഞ്ചായത്ത്, പൊന്ന്യം പുല്ലോടി പാട്യം ഗോപാലൻ സ്മാരക വായനശാല എന്നിവയുടെ ആഭിമുഖ്യത്തിൽ 'പൊന്ന്യത്തങ്കം" പൈതൃകോത്സവം നടക്കുമ്പോൾ മേപ്പയിൽ തച്ചോളി മാണിക്കോത്ത് തറവാട്ട് ക്ഷേത്രത്തിൽ തിറയായി കെട്ടിയാടിക്കുകയായിരുന്നു ഒതേനനെ.
അതിപ്രഗത്ഭരായ കളരിഗുരുക്കന്മാരും എണ്ണം പറഞ്ഞ പോരാളികളും അങ്കത്തട്ടിൽ അഗ്നി ചിതറുന്ന പോരാട്ടത്തിലേർപ്പെട്ടാണ് ' പൊന്ന്യത്തങ്കം" ആകർഷകമാക്കുന്നത്. നിരവധി അനുബന്ധപരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
ഒതേനന്റെ വീരമരണത്തിന് ശേഷം തച്ചോളി മാണിക്കോത്ത് തറവാട് കാലാന്തരത്തിൽ ക്ഷേത്രമായി മാറിയോതോടെയാണ് തിറ കെട്ടിയാടിക്കുന്നത്. ഒതേനന്റെ ആയുധങ്ങൾ ഇവിടെ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.ജേഷ്ഠൻ കോമക്കുറുപ്പും സന്തത സഹചാരിയായ ചാപ്പനും, അനന്തിരവൻ കേളു കറുപ്പും ഇവിടെ തെയ്യക്കോലമാണ്. ഒതേനനെ പൊന്ന്യം വയലിൽ ഒളിച്ചിരുന്ന് വെടിവെച്ച മായൻ പക്കിയെ തൽസമയം അമ്പെയ്ത് കൊല്ലുകയും വെടിയേറ്റ് വീണ വീരന് ഇളനീർ വെള്ളം നൽകിയ പുള്ളുവനും തൊട്ടടുത്ത് ക്ഷേത്രമുണ്ട്.
പൊന്ന്യത്തങ്കം ചരിത്രത്തിൽ
പന്തിരായിരം ശിഷ്യന്മാരുള്ള കതിരൂർ ഗുരിക്കളുമായി കുംഭം 9 മുതൽ 11 വരെയാണ് ഏഴരക്കണ്ടത്തിൽ വച്ച് ഒതേനൻ അങ്കം നടന്നത്. അങ്കത്തിൽ ജയിച്ച ഒതേനന്റെ നെറ്റിയിൽ കതിരൂർ ഗുരിക്കളുടെ അരുമശിഷ്യൻ ചുണ്ടങ്ങാപ്പൊയിലിലെ മായൻ പക്കി വെടിയുതിർത്തുവെന്നാണ് വടക്കൻപാട്ടുകളിലുള്ളത്. ഇവിടെ നിന്ന് തച്ചോളി മാണിക്കോത്ത് എത്തിയ ഒതേനൻ വീരചരമമടയുന്നു. മുപ്പത്തിരണ്ടാം വയസ്സിൽ അറുപത്തിനാലാമങ്കം ജയിച്ച കടത്തനാട്ടുവീരന്റെ ഓർമ്മയ്ക്കായാണ് പൊന്ന്യത്തങ്കം പുനഃസൃഷ്ടിക്കുന്നത്.
ആവേശത്തിരയിളക്കി അംഗനമാർ
തലശ്ശേരി: എടപ്പാൾ ഹനീഫാ ഗുരുക്കളുടെ കളരിപ്പയറ്റായിരുന്നു ഇന്നലെ പൊന്ന്യത്തങ്കത്തട്ടിനെ ആവേശത്തിലാഴ്ത്തിയത്. കൈക്കരുത്തും മെയ് വഴക്കവുമെല്ലാം കാണികളെ ഉദ്വേഗത്തിന്റെ വാൾമുനയിൽ ഏറെ നേരം നിർത്തി. ദിൻഷ , നന്ദ എന്നിവർ ഉറുമിയുമായി ഏറ്റുമുട്ടിയത് കാണികളെ ഉദ്വേഗത്തുമ്പിലെത്തിച്ചു.ഫാദിയ,ശദ,ആദിത്യ ദിൽഷ, അർച്ചന, നന്ദന എന്നിവരടക്കം 19 പെൺകുട്ടികളാണ് അങ്കത്തട്ടിൽ മാസ്മര പ്രകടനവുമായി കാണികളെ ആവേശത്തിലാഴ്ത്തിയത്.