ബീച്ച് റൺ നാളെ

Friday 24 February 2023 11:27 PM IST

കണ്ണൂർ : നോർത്ത് മലബാർ ചേംബർ ഒഫ് കോമേഴ്‌സിന്റെ ആറാമത് ബീച്ച് റൺ മിനി മാരത്തോൺ നാളെ രാവിലെ 6 മണിക്ക് പയ്യാമ്പലം പാർക്കിൽ നടക്കും. പാർക്കിൽ നിന്ന് തുടങ്ങി പാർക്കിൽ അവസാനിക്കുന്ന പരിപാടിയിൽ നാലിനമാണുള്ളത്. പത്ത് കിലോമീറ്റർ എലൈറ്റിൽ വിജയിക്കുന്നവർക്ക് അരലക്ഷം, രണ്ടാം സ്ഥാനത്തിന് കാൽലക്ഷം, മൂന്നാം സ്ഥാനത്തിന് പതിനായിരം വീതം സമ്മാനമായി നൽകും. പത്തു കിലോമീറ്റർ അമേച്വർ, വെറ്ററൻസ് എന്നിവയിൽ ഒന്നാം സമ്മാനമായി കാൽലക്ഷവും രണ്ടാം സമ്മാനമായി 15000 രൂപയും മൂന്നാംസ്ഥാനത്തിന് 5000 രൂപയുമാണ് സമ്മാനം. മൂന്നു കിലോമീറ്റർ ഹെൽത്ത് വിഭാഗത്തിൽ അയ്യായിരം, 2500, 1000 വീതം സമ്മാനം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടി.കെ.സുരേഷ് കുമാർ, സച്ചിൻ സൂര്യകാന്ത്, സി.അനിൽകുമാർ, എ.കെ.റഫീഖ്, കെ.നാരായണൻ കുട്ടി എന്നിവർ പങ്കെടുത്തു.