സർക്കാർ വിമർശനം തുടർന്ന് പവൻ ഖേര

Saturday 25 February 2023 1:55 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിന്റെ പേരിൽ അസാം പൊലീസെടുത്ത കേസിനെ ചൊല്ലി വിമാനത്തിൽ നിന്ന് ഇറക്കി അറസ്റ്റു ചെയ്യുകയും സുപ്രീംകോടതി ഇടപെടലിൽ ജാമ്യം ലഭിക്കുകയും ചെയ്‌തതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരായ വിമർശനം തുടർന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. ജാമ്യം ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്‌ച പൊലീസ് വിട്ടയച്ച ഖേര ഇന്നലെ റായ്‌പൂരിൽ കോൺഗ്രസ് പ്ളീനറി സമ്മേളനത്തിലെ ഡ്രാഫ്‌റ്റിംഗ് കമ്മിറ്റി ചർച്ചയിൽ പങ്കെടുത്തിരുന്നു. കമ്മിറ്റി കൺവീനറാണ് അദ്ദേഹം.

വിദേശകാര്യ മന്ത്രി എസ്.ജശങ്കറിന്റെ കാര്യത്തിൽ എഫ്.എം(ഫോറിൻ മിനിസ്റ്റർ) എന്നത് ഫെയിൽഡ് മിനിസ്റ്റർ(തോറ്റമന്ത്രി) എന്നാണ് വായിക്കേണ്ടതെന്ന് പവൻ ഖേര പറഞ്ഞു. ചൈന വലിയ സാമ്പത്തിക ശക്തിയാണെന്നും അവരെ എതിരിടാൻ കഴിയില്ലെന്നും പറഞ്ഞ് ഇന്ത്യയെ നാണം കെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിൽ ജനാധിപത്യമില്ലെന്നും എങ്ങനെയാണ് അദ്ധ്യക്ഷനായതെന്ന് ജെ.പി. നദ്ദയ്‌ക്ക് അറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.