തിരിച്ചടിയല്ല,പോരാട്ടം തുടരും: പനീർസെൽവം

Saturday 25 February 2023 12:59 AM IST

ചെന്നൈ: എടപ്പാടി പളനിസാമിയെ അണ്ണാ ഡി.എം.കെയുടെ ഇടക്കാല അദ്ധ്യക്ഷനായി തുടരാൻ അനുവദിച്ച സുപ്രീംകോടതി ഉത്തരവ് തിരിച്ചടിയല്ലെന്നും അനുകൂല വിധി വരും വരെ പോരാട്ടം തുടരുമെന്നും തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർ സെൽവം പറഞ്ഞു. ശശികലയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ എക്കാലത്തെയും ജനറൽ സെക്രട്ടറി ജയലളിത മാത്രമാണ്. ഇത് സംബന്ധിച്ച പ്രമേയം പാർട്ടി അംഗീകരിച്ചതാണ്. ആ പദവിയിലേക്ക് മറ്റാർക്കും വരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിധിക്കു ശേഷം എടപ്പാടി പളനി സാമിക്ക് വൻ സ്വീകരണമാണ് അണികളിൽ നിന്ന് ലഭിച്ചത്. ജയലളിതയുടെ ജന്മദിനമായിരുന്ന ഇന്നലെ ഇ.പിഎസ് വിഭാഗം ശക്തിപ്രകടനമാക്കി മാറ്റി. ഓഫീസ് മുറ്റത്തെ ജയലളിതയുടെയും എം.ജി.ആറിന്റെയും പ്രതിമകളിൽ അദ്ദേഹം പുഷ്പമാല ചാർത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തു. പനീർസെൽവം, ശശികല, ടി.ടി.വി ദിനകരൻ എന്നിവരെ പാർട്ടിയിൽ തിരിച്ചെടുക്കില്ലെന്ന് പളനിസാമി പ്രഖ്യാപിച്ചു.