ഡൽഹി എം സി ഡി തിരഞ്ഞെടുപ്പിൽ വീണ്ടും സംഘർഷം; തിരഞ്ഞെടുപ്പ് റദ്ദാക്കി
ന്യൂഡൽഹി:ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ അക്രമം. ഇന്നലെ നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് റദ്ദാക്കി. തിങ്കളാഴ്ച്ച വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ആറ് അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടിയിരുന്നത്. എ.എ.പിയുടെ നാലും ബി.ജെ.പിയുടെ മൂന്നും സ്ഥാനാർഥികളാണ് മത്സരിച്ചത്.
തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഭവാനിയിലെ ആം ആദ്മി പാർട്ടി കൗൺസിലർ പവൻ സഹരാവത്ത് ബി.ജെ.പിയിൽ ചേർന്നു. ഇതോടെ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ മൂന്ന് അംഗങ്ങളെ ജയിപ്പിക്കാൻ ബി.ജെ.പിക്ക് കഴിയും. എ.എ.പി, ബി.ജെ.പി കൗൺസിലർമാർ പരസ്പരം അക്രമം അഴിച്ചു വിട്ടു. അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ലുണ്ടായി. കുപ്പിയും ചെരുപ്പും പരസ്പരം വലിച്ചെറിഞ്ഞു. കയ്യാങ്കളിക്കിടെ ഒരു എ.എ.പി കൗൺസിലർ കുഴഞ്ഞുവീണു. തിരഞ്ഞെടുപ്പിൽ ഒരു വോട്ട് മേയർ അസാധുവാണെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. അസാധുവാണെന്ന് പ്രഖ്യാപിച്ചതോടെ ബി.ജെ.പി നടപടികൾ തടസ്സപ്പെടുത്തി. മേയർ നിലപാടിൽ ഉറച്ച് നിന്നു. മേയറുടെ തീരുമാനം സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ഒരു സ്ഥാനം കൂടി ലഭിക്കുന്നതിനാണെന്ന് ബി.ജെ.പി
ആരോപിച്ചു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ബി.ജെ.പി വ്യക്തമാക്കി.
സംഘർഷത്തിൽ മേയർ ഷെല്ലി ഒബ്റോയ്, ബി.ജെ.പി അംഗം മീനാക്ഷി ശർമ്മ എന്നിവർക്ക് മർദ്ദനമേറ്റു. അക്രമത്തിൽ മറ്റ് നിരവധി വനിത കൗൺസിലർമാർ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റതായി ആരോപണമുണ്ട്. തന്നെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മർദ്ദിച്ചതായി ബി.ജെ.പി അംഗം മീനാക്ഷി ശർമ്മ പറഞ്ഞു. ഒരു പുരുഷ കൗൺസിലറാണ് ഇത് ചെയ്തത്. അവർ പറഞ്ഞു. എന്നാൽ ബി.ജെ.പിയുടെ ഒരു പുരുഷ അംഗം തന്നെ അക്രമിച്ചതായി എ.എ.പി കൗൺസിലർ അതിഷി ആരോപിച്ചു. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തങ്ങൾ തോൽക്കുകയാണെന്ന് മനസ്സിലാക്കിയ ബി.ജെ.പി മേയറെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു. അതിഷി ആരോപിച്ചു. അക്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുൻ മേയറും ബി.ജെ.പി നേതാവുമായ ആരതി മെഹ്റ പറഞ്ഞു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന എ.എ.പി അംഗം അതിഷിയുടെ വീഡിയോ തെളിവാണ്. മേയർക്ക് ഫലം തീരുമാനിക്കാൻ അവകാശമില്ല. പ്രഖ്യാപിക്കാൻ മാത്രമാണ് അധികാരം. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. ആരതി വ്യക്തമാക്കി.