അമൃത്സർ സംഘർഷം; റിപ്പോർട്ട് തേടി തൂഫാൻ ജയിൽ മോചിതൻ
ന്യൂഡൽഹി: ഖലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേ(പഞ്ചാബിന്റെ അവകാശികൾ)കഴിഞ്ഞ ദിവസം നടത്തിയ സംഘർഷത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. തോക്കുകളും വാളുകളുമായി നടത്തിയ പ്രകടനവും ഖലിസ്ഥാൻ അനുകൂല പ്രസ്താവനയോടെ അമൃത്പാൽ സിംഗ് നൽകിയ മാദ്ധ്യമ അഭിമുഖങ്ങളും കേന്ദ്രം പരിശോധിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഗതി വരുമെന്ന് അമൃത്പാൽ സിംഗ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. അക്രമം നേരിടുന്നതിൽ പഞ്ചാബ് പൊലീസിനുണ്ടായ വീഴ്ചയെക്കുറിച്ചും അന്വേഷിക്കും. സംഘടന നേതാവ് അമൃത്പാൽ സിംഗിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും ആറ് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസ് സ്റ്റേഷൻ പരിസരങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസം അക്രമം നടന്ന അജ്നാല പൊലീസ് സ്റ്റേഷൻ പരിസരത്ത് പ്രത്യേക സുരക്ഷയും ഏർപ്പെടുത്തി.തട്ടിക്കൊണ്ട് പോകൽ കേസിൽ അജ്ലാന പൊലീസ് അറസ്റ്റ് ചെയ്ത് അമൃത്സർ ജയിലിൽ കഴിയുകയായിരുന്ന അമൃത്പാൽ സിംഗിന്റെ അനുയായി ലവ്പ്രീത് തൂഫാനെ വിട്ടയക്കാൻ അമൃത്സർ കോടതി ഉത്തരവിട്ടു. ലവ്പ്രീതിനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് കോടതി ഉത്തരവ്.
ഖലിസ്ഥാന് മരണമില്ലെന്ന് വാരിസ് പഞ്ചാബ് ദേ തലവൻ
ഖലിസ്ഥാൻ എന്നത് ഒരു ആശയ സംഹിതയാണെന്നും അതിന് മരണമില്ലെന്നും വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിംഗ് പറഞ്ഞു. ഖലിസ്ഥാൻ രൂപീകരിച്ചാലുള്ള നേട്ടങ്ങളെന്തൊക്കെയാണെന്ന് ഭൗദ്ധിക തലത്തിൽ നിന്ന് ചിന്തിക്കണം. അല്ലാതെ ഖലിസ്ഥാൻ നിഷിദ്ധമാണെന്നും അപകടരമാണെന്നും കാണേണ്ടതില്ല. അമൃത്പാൽ സിംഗ് പറഞ്ഞു.
ലവ്പ്രീത് തൂഫാൻ ജയിൽ മോചിതനായി
തട്ടിക്കൊണ്ട് പോകൽ കേസിൽ അജ്ലാന പൊലീസ് അറസ്റ്റ് ചെയ്ത് അമൃത്സർ ജയിലിൽ കഴിയുകയായിരുന്ന അമൃത്പാൽ സിംഗിന്റെ അനുയായി ലവ്പ്രീത് തൂഫാനെ വിട്ടയക്കാൻ അമൃത്സർ കോടതി ഉത്തരവിട്ടു. ലവ്പ്രീതിനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് കോടതി ഉത്തരവ്. ഖലിസ്ഥാൻ തീവ്രവാദികൾക്ക് മുമ്പിൽ സർക്കാർ മുട്ടുമടക്കിയെന്ന ആരോപണത്തിനിടെയാണ് ലവ്പ്രീത് തൂഫാൻ മോചിതനാകുന്നത്. തൂഫാനെ വിട്ടയച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന് അമൃത്പാൽ സിംഗ് മുന്നറിയിപ്പ് നൽകിയിരുന്നു.