ഫാർമസിസ്റ്റ് കൂട്ട ഡെപ്യൂട്ടേഷൻ : മരുന്ന് വിതരണം മുടങ്ങുമെന്ന് ആശങ്ക

Saturday 25 February 2023 1:53 AM IST

  • ഡെപ്യൂട്ട് ചെയ്തത് 88 പേരെ

തൃശൂർ: സർക്കാർ ആശുപത്രികളിലെ ഫാർമസികളുടെ പ്രവർത്തനം പരിശോധിക്കാൻ, ജില്ലയിലെ ഫാർമസിസ്റ്റുകളെ കൂട്ടത്തോടെ നിയോഗിച്ചത് വിവാദത്തിലേക്ക്. മൂന്ന് കൊല്ലമായി മന്ദീഭവിച്ച പരിശോധന കൊവിഡ് കാലത്ത് പൂർണ്ണമായും നിലച്ചതോടെ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. 200 ഓളം ഫാർമസിസ്റ്റുകളാണ് ജില്ലയിൽ ആകെയുള്ളത്. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ ജില്ല ആശുപത്രി വരെയുള്ള മെഡിക്കൽ സ്റ്റോറുകളിലെ മരുന്നിന്റെ സ്റ്റോക്ക്, വിതരണം, ലോക്കൽ പർച്ചേസ് എന്നിവയുടെ കൃത്യത ഉറപ്പാക്കാനാണ് പരിശോധന. ഈ മാസം മുതൽ മേയ് വരെ ശരാശരി രണ്ടാഴ്ചത്തെ പരിശോധനയ്ക്ക് സ്റ്റോർസ് വെരിഫിക്കേഷൻ ഓഫീസർ, ഫാർമസിസ്റ്റ് സ്റ്റോർകീപ്പർ, സ്റ്റോഴ്‌സ് സൂപ്രണ്ട്, ഫാർമസിസ്റ്റ് വിഭാഗത്തിലുള്ള 88 പേരെയാണ് വിവിധ മേഖലകളിൽ ഡി.എം.ഒ ഡെപ്യൂട്ടേഷനിൽ നിയോഗിച്ചത്. ധാരാളം ഉത്തരവാദിത്വങ്ങളുള്ള ഫാർമസിസ്റ്റുകൾ ദിവസങ്ങളോളം വിട്ടുനിൽക്കുമ്പോൾ ആൾബലമില്ലാത്ത ഫാർമസികൾ അടച്ചിടേണ്ടിവരുമെന്ന ആശങ്കയുണ്ട്. രോഗികൾക്ക് പുറത്തുനിന്നും മരുന്ന് വാങ്ങേണ്ട സ്ഥിതിയുണ്ടായേക്കുമെന്നും ഫാർമസിസ്റ്റുകൾ പറയുന്നു. ഒരു ഫാർമസിസ്റ്റുള്ള സ്ഥലങ്ങളിൽ, അവർ ഓഫും ലീവുമെടുക്കുമ്പോൾ പോലും മരുന്ന് നൽകാനാകാത്ത സ്ഥിതിയുണ്ട്.

എളുപ്പമല്ല, പരിശോധന

വർഷങ്ങളായി പരിശോധന നടക്കാത്തതിനാൽ ഒരു സ്റ്റോർ പരിശോധിക്കാൻ ഒരു ടീമിന് ഒരാഴ്ച വേണ്ടിവന്നേയ്ക്കും. ഡോക്ടറുടെ കുറിപ്പടിയനുസരിച്ച് മരുന്ന് നൽകാൻ ഫാർമസിസ്റ്റുകൾക്കാണ് നിയമപരമായി അധികാരമുള്ളത്. മരുന്നുകളുടെ സ്റ്റോക്കെടുത്ത് ആവശ്യാനുസരണം വിതരണം ചെയ്യേണ്ടതും പ്രൊജക്ടുകളും ഫണ്ടും നഷ്ടപ്പെടാതിരിക്കാൻ സാമ്പത്തിക വർഷത്തിൽതന്നെ ലോക്കൽ പർച്ചേസ് നടത്തേണ്ടതും ഫാർമസിസ്റ്റുകളാണ്. പരിശോധനയ്ക്ക് ദിവസങ്ങൾ വിട്ടുനിൽക്കുമ്പോൾ ഈ ജോലികളും തടസപ്പെടും.

അനാസ്ഥ കാട്ടിയെന്ന്

സ്റ്റോർ വെരിഫിക്കേഷന് ജില്ല മെഡിക്കൽ ഓഫീസിൽ ജില്ല സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ, ഫാർമസിസ്റ്റ് സ്റ്റോർകീപ്പർ, ക്ലർക്ക്, ടൈപ്പിസ്റ്റ് എന്നിവരടങ്ങുന്ന ടീമുണ്ട്. മാസത്തിൽ മൂന്ന് സ്ഥാപനങ്ങളെങ്കിലും പരിശോധിച്ച് റിപ്പോർട്ട് നൽകണം. മൂന്ന് മാസത്തിലൊരിക്കൽ വിവിധ സ്ഥാപനങ്ങളിൽ മിന്നൽപ്പരിശോധന നടത്തണം. ഈ ടീമിന്റെ അനാസ്ഥ മൂലമാണ് പരിശോധന മുടങ്ങിയതെന്ന് ആക്ഷേപമുണ്ട്. കൊവിഡ് കാലത്ത് പൂർണ്ണമായും പരിശോധന നിറുത്തേണ്ടതില്ലായിരുന്നു.

ഫാർമസിസ്റ്റുകളുടെ സൗകര്യം കണക്കിലെടുത്ത് ദിവസങ്ങളുടെ ഇടവേളയോടെയാണ് ചുമതല നൽകിയത്. മുടങ്ങിയ പരിശോധന പൂർത്തിയാക്കണം.

ഡോ.ടി.പി.ശ്രീദേവി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം).