കോഫി ഹൗസ് കെട്ടിടം പൊളിക്കൽ: സൂപ്രണ്ടിനും ആർ.എം.ഒക്കുമെതിരെ അന്വേഷണം

Saturday 25 February 2023 2:03 AM IST

തൃശൂർ : മെഡിക്കൽ കോളേജിലെ കോഫി ഹൗസ് കെട്ടിടം പൊളിച്ച സംഭവത്തിൽ സൂപ്രണ്ട് ഇൻ ചാർജ്ജ് നിഷ എം.ദാസിനെതിരെയും ആർ.എം.ഒ ഡോ.രൺദീപിനെതിരെയും അന്വേഷണത്തിന് ഉത്തരവ്. ജില്ലാ കളക്ടറെയോ ജനപ്രതിനിധികളെയോ അറിയിക്കാതെ കോഫി ഹൗസ് കെട്ടിടം പൊളിച്ച സംഭവത്തിൽ ഇരുവർക്കുമെതിരെ നടപടിയെടുക്കണമെന്നും നഷ്ടം ഇവരിൽ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ട് രമ്യ ഹരിദാസ് എം.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അഡീഷണൽ ചീഫ് സെക്രട്ടറിക്കായി ഡെപ്യൂട്ടി സെക്രട്ടറി കെ.മനോജാണ് ഉത്തരവിട്ടത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവുണ്ടെന്ന് കാട്ടിയാണ് കോഫി ഹൗസ് കെട്ടിടം ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചത്. ഇതിലൂടെ 25 ലക്ഷം രൂപ നഷ്ടം സംഭവിച്ചതായി കോഫി ഹൗസ് പരാതി നൽകിയിരുന്നു. മെഡിക്കൽ കോളേജിൽ സ്ഥിരം സൂപ്രണ്ടിനെ നിയമിക്കണമെന്നും എം.പി ആവശ്യപ്പെട്ടിരുന്നു.