ഇസ്രയേലിന് വ്യോമപാത തുറന്ന് ഒമാൻ

Saturday 25 February 2023 6:28 AM IST

മസ്കറ്റ്: യു.എ.ഇയ്ക്കും സൗദി അറേബ്യയ്ക്കും പിന്നാലെ ഇസ്രയേൽ വിമാനങ്ങൾക്ക് വ്യോമപാത തുറന്ന് ഒമാൻ. മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ വിമാനങ്ങൾക്കും ഇനി തങ്ങളുടെ വ്യോമപാത ഉപയോഗിക്കാമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറി​റ്റി വ്യക്തമാക്കി.

ഇതോടെ ഇസ്രയേലിൽ നിന്ന് ഇന്ത്യ, തായ്‌ലൻഡ് അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രാ സമയം കുറയും. അതേ സമയം, ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്റെ മുന്നോടി ആയിട്ടാണ് ഒമാന്റെ നീക്കമെന്നാണ് സൂചന.

ഒമാന്റെ തീരുമാനത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വാഗതം ചെയ്തു. ആകാശത്തിന് ഇനി അതിരുകളില്ലെന്നും ഇസ്രയേലി ഏവിയേഷൻ മേഖലയെ സംബന്ധിച്ച് മഹത്തായ പ്രഖ്യാപനമാണിതെന്നും നെതന്യാഹു പ്രതികരിച്ചു.