പാലക്കാട് ഡി വൈ എഫ് ഐ നേതാവ് വെട്ടേറ്റ് മരിച്ചു; സംഭവം കുടുംബവഴക്ക് പരിഹരിക്കുന്നതിനിടെ

Saturday 25 February 2023 7:57 AM IST

പാലക്കാട്: കുടുംബ വഴക്ക് തീർക്കാനിടപെട്ട ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് വെട്ടേറ്റ് മരിച്ചു. പനയൂര്‍ പിഎച്ച്‌സിക്ക് സമീപം കിഴക്കേകാരാത്തുപടി വീട്ടില്‍ ശാന്തകുമാരിയുടെ മകന്‍ ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റായിരുന്നു ശ്രീജിത്ത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ശ്രീജിത്തിന്റെ അമ്മാവന്‍ കാരാത്തുപടി വീട്ടില്‍ രാധാകൃഷ്ണനും മകന്‍ ജയദേവനുമായുണ്ടായ വഴക്ക് തടയാന്‍ ശ്രമിച്ചതായിരുന്നു ശ്രീജിത്ത്. ബഹളത്തിനിടെ മദ്യലഹരിയിലായിരുന്ന ജയദേവന്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ശ്രീജിത്തിനെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെടുത്താൻ ശ്രമിച്ച അയൽവാസികൾക്കും പരിക്കേറ്റു. ശ്രീജിത്തിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരിച്ചു.

ശ്രീജിത്തിന്റെ മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരും ഇതേ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് കസ്റ്റഡിയിലുള്ള ജയദേവനും പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ ഷൊര്‍ണൂര്‍ പൊലീസ് കേസെടുത്തു.