വലയിൽ കുടങ്ങി മുറിവേറ്റ വെപ്രാളത്തിൽ പെരുമ്പാമ്പ്; രക്ഷകരായി സ്നേക്ക് റെസ്‌ക്യൂവർമാർ

Sunday 26 February 2023 1:26 AM IST

കോട്ടയം . പാമ്പ് എന്ന് കേൾക്കുമ്പോഴെ ഭയമാണ്. പെരുമ്പാമ്പ് എന്നായാൽ ഇരട്ടിയാകും. വാഴപ്പള്ളി നിവാസികളെ ഭീതിയിലാഴ്ത്തിയ പെരുമ്പാമ്പ് വലയിൽ കുരുങ്ങിയെങ്കിലും, മുറിവേറ്റ വെപ്രാളത്തിൽ പിടഞ്ഞതോടെ രക്ഷകരായി സ്നേക്ക് റെസ്‌ക്യൂവർമാരെത്തി. വലയിലായ പാമ്പിനെ സാധാരണ കാട്ടിലേക്ക് വിടുകയാണ് പതിവ്. മുറിവേറ്റതിനാൽ പരിചരണത്തിനായി കോടിമതയിലെ ജില്ലാ മൃഗാശുപത്രിയിലെത്തിക്കുകയായിരുന്നു. വാഴപ്പള്ളി ക്ഷേത്രത്തിന് പിൻവശത്ത് സ്ഥിതി ചെയ്യുന്ന പാടശേഖരത്തിലെ വലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. കഴിഞ്ഞ ദിവസം പാമ്പിനെ കണ്ട പ്രദേശവാസികൾ സ്‌നേക്ക് റെസ്‌ക്യൂവർമാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മാടപ്പള്ളിയിലെ റെസ്‌ക്യൂവറായ വിഷ്ണു, കോട്ടയം കൺട്രോൾ റൂം സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് ഷെബിൻ എന്നിവരെത്തി പന്ത്രണ്ടരകിലോ ഭാരമുണ്ടായിരുന്ന പാമ്പിനെ പുറത്തെടുത്തു. ദേഹത്ത് മുറിവേറ്റ് വ്രണം രൂപപ്പെട്ട നിലയിലായതിനാൽ വിവരം കോട്ടയം ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് ചികിത്സ നൽകാൻ നിർദേശിച്ചു. ഇന്നലെ രാവിലെ ആശുപത്രിയിലെത്തിച്ച പാമ്പിന് ആന്റിബയോട്ടികും,​ മുറിവ് ഉണങ്ങുന്നതിനായുള്ള മരുന്നുകളും നൽകി. മൂന്ന് ദിവസം കൂടുമ്പോൾ ആശുപത്രിയിലെത്തിച്ച് വേണ്ട ചികിത്സ നൽകുന്നതിനായുള്ള ക്രമീകരണം ചെയ്തു. നിലവിൽ കോട്ടയം പാറമ്പുഴ ഫോറസ്റ്റ് ഓഫീസ് പരിചരണത്തിലാണ് പാമ്പ്. മുറിവ് ഭേദമാകുന്നതോടെ കാട്ടിലേക്കയക്കുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.