മ​ഞ്ജു​ ​വാ​ര്യ​ർ​ ​വീ​ണ്ടും​ ​ അ​മേരിക്കി ​പ​ണ്ഡി​റ്റി​ലേ​ക്ക്

Sunday 26 February 2023 6:00 AM IST

അടുത്ത ഷെഡ്യൂൾ മാർച്ചിൽ

മഞ്ജു വാര്യർ ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന അമേരിക്കി പണ്ഡിറ്ര് എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ മാർച്ച് മദ്ധ്യത്തിൽ ജയ്‌പൂരിൽ ആരംഭിക്കും. നവാഗതനായ കൽപേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളും ജയ്‌പൂരിൽ ആയിരുന്നു. മാധവൻ ആണ് അമേരിക്കി പണ്ഡിറ്റിൽ നായകൻ. ഈ ഷെഡ്യൂളോടെ ചിത്രീകരണം പൂർത്തിയാവും. രണ്ടുവർഷം മുൻപാണ് അമേരിക്കി പണ്ഡിന്റെ ചിത്രീകരണം ആരംഭിച്ചത്. അതേസമയം മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ മഞ്ജു വാര്യർ അഭിനയിക്കുന്നുണ്ട്. ആഗസ്റ്റ് 15ന് ആണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുന്നത്. മലയാളത്തിൽ എമ്പുരാൻ അല്ലാതെ മറ്റൊരു ചിത്രം മഞ്ജു കമ്മിറ്റ് ചെയ്തിട്ടില്ല. നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിപ്പട്ടണം ആണ് റിലീസിന് ഒരുങ്ങുന്ന മഞ്ജു വാര്യർ ചിത്രം.കെ.പി സുനന്ദ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന വെള്ളരിപ്പട്ടണത്തിൽ സൗബിൻ ഷാഹിർ മഞ്ജുവിനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴിൽ അജിത്തിനൊപ്പം അഭിനയിച്ച തുനിവ് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് ചിത്രം ആണ് എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവ്.ചിത്രത്തിൽ മഞ്ജു ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ധനുഷിന്റെ നായികയായി അസുരനിലൂടെയാണ് തമിഴിൽ എത്തുന്നത്.ദുബായിൽ സ്വകാര്യ സന്ദർശനത്തിലാണ് മഞ്ജു.