പിള്ളേര് കളിച്ച് 50 കോടി ക്ളബ്ബിൽ

Sunday 26 February 2023 6:00 AM IST

പുതുവർഷത്തെ ആദ്യ സൂപ്പർഹിറ്റ് സമ്മാനിച്ച് രോമാഞ്ചം. നാല് ആഴ്ച കൊണ്ട് ചിത്രം 50 കോടി ക്ളബ്ബിൽ എത്തി.മൂന്നു കോടിയിൽ താഴെ ബഡ്ജറ്റിൽ ഒരുക്കിയ ഹൊറർ കോമഡി ചിത്രമായ രോമാഞ്ചം കേരള ബോക്സ് ഒാഫീസിൽനിന്ന് 30 കോടി നേടിയതായി റിപ്പോർട്ടുണ്ട് .ഓരോ ദിവസം പിന്നിടുമ്പോഴും രോമാഞ്ചം കാണാൻ എത്തുന്ന പ്രേക്ഷകരുടെ എണ്ണം കൂടുകയാണ്. 2007ൽ ബംഗളൂരുവിൽ താമസിക്കുന്ന ഏഴു ചെറുപ്പക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്ന രസകരവും ആകാംക്ഷ നിറയുന്നതുമായ സംഭവമാണ് ചിത്രം പറയുന്നത്. സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം നവാഗതനായ ജിതു മാധവൻ സംവിധാനം ചെയ്യുന്നു. ചെമ്പൻ വിനോദ്, സജിൻ ഗോപു, സിജു സണ്ണി, അഫ്‌സൽ , അബിൻ ബിനോ, ജഗദീഷ് കുമാർ, അനന്തരാമൻ അജയ്, ദീപിക ദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജോൺപോൾ ജോർജ് പ്രൊഡക്‌ഷൻസ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ് ആണ് നിർമ്മാണം. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ. സനു താഹിർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: സുഷിൻ ശ്യാം. ഫെബ്രുവരി 3നാണ് ചിത്രം റിലീസ് ചെയ്തത്.