നാൻസി റാണി കാണാതെ മനു മടങ്ങി
സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന നാൻസി റാണി വെള്ളിത്തിരയിൽ കാണാതെ ജോസഫ് മനു ജയിംസ് അപ്രതീക്ഷിതമായി യാത്രയായി. മനുവിന്റെ വേർപാട് പ്രിയപ്പെട്ടവർക്ക് ആഘാതമായി. അഹാന കൃഷ്ണ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നാൻസി റാണി പ്രദർശനസജ്ജമാകുന്നതിനിടെയാണ് യുവസംവിധായകനായ മനുവിന്റെ വിടവാങ്ങൽ. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. 2004ൽ സാബു ജെയിംസ് സംവിധാനം ചെയ്ത എെ ആം ക്യുരിയസ് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് തുടക്കം.പിന്നീട് മലയാളം, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ളീഷ് ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു.കോവിഡ് കാലത്തായിരുന്നു കോട്ടയത്തും പരിസരപ്രദേശങ്ങളിലും ചിത്രീകരണം.കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനം.നാൻസി റാണിയുടെ നിർമ്മാണ പങ്കാളിയാണ് മനുവിന്റെ ഭാര്യ നൈന . സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്ന മമ്മൂട്ടിയുടെ കടുത്ത ആരാധികയായ പെൺകുട്ടിയുടെ വേഷമാണ് അഹാന അവതരിപ്പിക്കുന്നത്. അജു വർഗീസ്, ലാൽ, ഇന്ദ്രൻസ്, ധ്രുവൻ, ശ്രീനിവാസൻ, അർജുൻ അശോകൻ, ഇർഷാദ്, അനീഷ് മേനോൻ, വിശാഖ് നായർ, മാല പാർവതി, ജോളി ചിറയത്ത്, നന്ദു പൊതുവാൾ ഉൾപ്പെടെ മുപ്പതിലധികം താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.