കൽക്കട്ട തിസീസ് ; ഒരോർമ്മ കുറിപ്പ്
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ സ്വാതന്ത്ര്യത്തെ തള്ളിപ്പറഞ്ഞ കൽക്കട്ട തിസീസിന് 75 വയസാകുന്നു. 1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തെ തള്ളിപ്പറഞ്ഞും 1946 - 47 കാലത്ത് പാകിസ്ഥാൻ വാദത്തെ പിന്തുണച്ചും മുഖ്യധാരയിൽ നിന്നകന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കൽക്കട്ട തിസീസോടെയാണ് ദേശീയ രാഷ്ട്രീയത്തിൽ തികച്ചും ഒറ്റപ്പെട്ടത്. ആദ്യഘട്ടത്തിൽ മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരമുള്ള വിഭജനത്തെയും സ്വാതന്ത്ര്യലബ്‌ധിയെയും പിന്തുണയ്‌ക്കുന്ന നിലപാടാണ് പാർട്ടി കൈക്കൊണ്ടത്. 1947 ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പാർട്ടിനേതാക്കളും പ്രവർത്തകരും പങ്കെടുത്തു. വിഭജനത്തെത്തുടർന്ന് വർഗീയ ലഹളകൾ പടർന്നുപിടിച്ചപ്പോൾ പാർട്ടി മതസൗഹാർദ്ദത്തിനുവേണ്ടി നിലകൊള്ളുകയും അക്രമം അടിച്ചമർത്താനുള്ള സർക്കാരിന്റെ പരിശ്രമങ്ങളോട് സഹകരിക്കുകയും ചെയ്തു. നാട്ടുരാജ്യ സംയോജനത്തിന്റെ കാര്യത്തിലും കേന്ദ്ര നിലപാടിനൊപ്പമായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം.
തിരുവിതാംകൂറും ജുനഗഡും കാശ്മീരുമടക്കമുള്ള നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോഴും ഹൈദരാബാദ് നൈസാം ലയനക്കരാർ ഒപ്പിടാൻ വിസമ്മതിച്ചു. നൈസാമിന്റെ അടിച്ചമർത്തൽ നയത്തിനും നികുതി വർദ്ധനവിനുമെതിരെ 1946 ഒക്ടോബർ മുതൽ തെലങ്കാനയിലെ കർഷകർ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ആന്ധ്രമഹാസഭയും കോൺഗസും തുടങ്ങിവച്ച സമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും അഖിലേന്ത്യാ കിസാൻസഭയും ഉൗർജ്ജിതമായി പങ്കെടുത്തു. ക്രമേണ അത് സായുധകലാപമായി വളർന്നു. പി.സുന്ദരയ്യയും സി. രാജേശ്വർ റാവുവുമായിരുന്നു തെലങ്കാന സമരത്തിന്റെ വീരനായകർ. കമ്മ്യൂണിസ്റ്റ് കലാപകാരികൾ ജന്മിമാരിൽനിന്ന് ഭൂമി പിടിച്ചെടുത്ത് കർഷകർക്ക് വീതിച്ചു കൊടുക്കുകയും പൂഴ്‌ത്തിവെച്ച ഭക്ഷ്യധാന്യങ്ങൾ ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുകയുമുണ്ടായി. റസാക്കർമാർ എന്നറിയപ്പെട്ട നൈസാമിന്റെ കൂലിപ്പടയെ അവർ തല്ലിയോടിച്ചു. നൽഗൊണ്ട, ഖമ്മം, വാറങ്കൽ, കരിംനഗർ ജില്ലകളിലായി മൂവായിരം ഗ്രാമങ്ങൾ മോചിപ്പിച്ചു. മാവോ സേതൂങ്ങിന്റെ ഗ്രേറ്റ് മാർച്ചും ജനകീയ ചൈനയുടെ സ്ഥാപനവുമാണ് തെലങ്കാന സഖാക്കൾക്ക് മാതൃകയായത്. തെലങ്കാന ഇന്ത്യയിലെ യെനാനാണെന്ന് പി. സുന്ദരയ്യ വിശ്വസിച്ചു. കുമിംഗ്‌താങ് സർക്കാരിനെ മാവോ തോൽപിച്ചതുപോലെ നെഹ്‌റു ഗവൺമെന്റിനെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും തുരത്താൻ കഴിയും, ചെങ്കോട്ടയിൽ ചെങ്കൊടി പാറുമെന്ന് സ്വപ്നം കണ്ടു.
1947 ഡിസംബറിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പെട്ടെന്നു നയം മാറ്റി. നെഹ്‌റു സർക്കാർ സമ്രാജ്യത്വത്തിന്റെ ദുർഭഗ സന്തതിയാണെന്നും ദേശീയ സ്വാതന്ത്ര്യം അയഥാർത്ഥമാണെന്നും വിലയിരുത്തി. ജനറൽ സെക്രട്ടറി പി.സി ജോഷി തികച്ചും ഒറ്റപ്പെട്ടു. 1942 മുതൽ താൻ പിന്തുടർന്ന നയം തെറ്റായിരുന്നുവെന്ന് അദ്ദേഹം ഏറ്റുപറഞ്ഞു. ജോഷിയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പകരം ബി.ടി. രണദിവെ സ്ഥാനമേറ്റു. 1948 ഫെബ്രുവരി 28 മുതൽ മാർച്ച് ആറുവരെ കൽക്കട്ടയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം കോൺഗ്രസ് നയസമീപനങ്ങളിൽ കാര്യമായ മാറ്റം വരുത്തി. കമ്മ്യൂണിസത്തിന്റെ ആദ്യപടിയായി സോഷ്യലിസം ഉടൻ നടപ്പാക്കലാണ് ലക്ഷ്യമെന്നു പ്രഖ്യാപിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം യഥാർത്ഥമല്ല വ്യാജമാണെന്നു വിലയിരുത്തി. സാമ്രാജ്യത്വത്തിന്റെ സ്വാധീനം മുമ്പേ പോലെ തുടരുകയാണ്. ജനങ്ങളെ കബളിപ്പിക്കാനുള്ള അടവു മാത്രമാണ് മൗണ്ട് ബാറ്റൺ പദ്ധതിയും അധികാരക്കൈമാറ്റവും. സാമ്രാജ്യത്വത്തിന്റെ ഏജന്റായ നെഹ്‌റുവിനെ ഉടനടി പുറത്താക്കി രാജ്യത്ത് തൊഴിലാളി - കർഷകഭരണം സ്ഥാപിക്കണം. അതിന് തെലങ്കാന മാതൃകയിലുള്ള സായുധസമരമാണ് അഭികാമ്യം. തിരഞ്ഞെടുപ്പു ശുദ്ധതട്ടിപ്പാണ് ; കമ്മ്യൂണിസ്റ്റുകാർ അതു ബഹിഷ്കരിക്കണം. ഇതാണ് ബി.ടി. രണദിവെ അവതരിപ്പിച്ച് പാസാക്കിയെടുത്ത കൽക്കട്ട തിസീസ്. 1946 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചതും സ്വാതന്ത്ര്യദിനം ആഘോഷിച്ചതുമൊക്കെ അവസരവാദവും തിരുത്തൽവാദവുമായി വ്യാഖ്യാനിക്കപ്പെട്ടു ; അതിന്റെ മുഴുവൻ ഉത്തരവാദിത്വവും പി.സി. ജോഷിക്കു മേൽ ചുമത്തപ്പെട്ടു. പോളിറ്റ്ബ്യൂറോയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജോഷി പരാജയപ്പെട്ടു. ബി.ടി.രണദിവെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
തെലങ്കാന സമരം സുന്ദരയ്യ ഉദ്ദേശിച്ച ദിശയിലല്ല മുന്നോട്ടു പോയത്. 1948 സെപ്തംബർ 13 ന് ഇന്ത്യൻ സൈന്യം ഹൈദരാബാദിൽ പ്രവേശിച്ചു. അഞ്ചാം ദിവസം നൈസാം കീഴടങ്ങി ലയനക്കരാറിൽ ഒപ്പിട്ടു. റസാർക്കമാരെ സൈന്യം തുരത്തി. അതോടെ കോൺഗ്രസും ആന്ധ്ര മഹാസഭയും സമരം പിൻവലിച്ചു. കർഷകരും പ്രക്ഷോഭം അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. പക്ഷേ കമ്മ്യൂണിസ്റ്റ് പാർട്ടി സായുധകലാപം തുടരാനാണ് തീരുമാനിച്ചത്. റസാക്കർമാരിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങൾകൂടി ഉപയോഗിച്ച് പ്രക്ഷോഭം പൊലിപ്പിച്ചു. അതോടെ ഇന്ത്യൻ സേന കമ്മ്യൂണിസ്റ്റ് കലാപകാരികൾക്കെതിരെ തിരിഞ്ഞു. കമ്മ്യൂണിസ്റ്റുകൾ ഗറില്ല സമരത്തിലേക്ക് വഴിമാറി. ഗ്രാമഗ്രാമാന്തരങ്ങളിൽ സൈന്യം സഖാക്കളെ വേട്ടയാടി. തെലങ്കാന മാതൃകയിലുള്ള സമരങ്ങൾ രാജ്യത്തിന്റെ പലഭാഗത്തും അരങ്ങേറി. എല്ലായിടത്തും വിവരണാതീതമായ ക്രൂരതകളോടെ അടിച്ചമർത്തപ്പെട്ടു. പാർട്ടി പ്രവർത്തകർ പൊലീസ് ലോക്കപ്പിൽ പിടഞ്ഞുമരിച്ചു, സ്ത്രീ സഖാക്കൾ മാനഭംഗത്തിനിരയായി. പല സംസ്ഥാനങ്ങളിലും പാർട്ടി നിരോധിക്കപ്പെട്ടു. തെലങ്കാന സമരം ഉടൻ അവസാനിപ്പിക്കണമെന്ന് കമ്മ്യൂണിസ്റ്റ് നേതാവ് രവി നാരായണ റെഡ്‌ഢി ആവശ്യപ്പെട്ടു. പക്ഷേ സുന്ദരയ്യ വഴങ്ങിയില്ല. 1948 - 49 കാലത്ത് രണദിവെ ലൈൻ പൂർണ തോതിൽ നിലനിന്നു. പാർട്ടിക്കകത്ത് യാതൊരു ഭിന്നാഭിപ്രായവും സാദ്ധ്യമായിരുന്നില്ല. സായുധസമരം തളരുന്നു എന്നു തിരിച്ചറിഞ്ഞപ്പോൾ റെയിൽവേ തൊഴിലാളികളുടെ സമരം കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുത്തു. 1949 മാർച്ച് ഒമ്പതു മുതൽ അനിശ്ചിതകാല റെയിൽവേ പണിമുടക്കിന് ആഹ്വാനം ചെയ്തു. തീവണ്ടികൾ ഓടാതാകുമ്പോൾ ചരക്കുനീക്കം നിലയ്ക്കും ; ക്ഷുഭിതരായ ജനം സായുധകലാപവുമായി സഹകരിക്കും എന്നായിരുന്നു നേതൃത്വത്തിന്റെ ദിവാസ്വപ്‌നം. പക്ഷേ റെയിൽവേ പണിമുടക്കും പൊളിഞ്ഞു. നേതാക്കൾ തികച്ചും ഹതാശരായി.
കമ്മ്യൂണിസം കൊടിയ ഭീകരവാദമായി മുദ്രയടിക്കപ്പെട്ടു. പാർട്ടി ജനങ്ങൾക്കിടയിൽ തികച്ചും ഒറ്റപ്പെട്ടു. മെമ്പർഷിപ്പ് എട്ടിലൊന്നായി ചുരുങ്ങി. ബഹുജന സംഘടനകൾ നിലംപരിശായി. 1950 പുലരുമ്പോഴേക്കും കൽക്കട്ട തിസീസ് പരമ അബദ്ധമാണെന്ന് സോവിയറ്റ് യൂണിയനും തിരിച്ചറിഞ്ഞു. ജനുവരി 27 ന്റെ ലക്കം കൊമിൻഫോം സമരത്തെ തള്ളിപ്പറഞ്ഞു. അതോടെ ഇന്ത്യൻ നേതാക്കൾക്കും വിവേകമുദിച്ചു. പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും രണദിവെ സിദ്ധാന്തത്തെ തള്ളിപ്പറഞ്ഞു. 1950 ജൂണിൽ പോളിറ്റ് ബ്യൂറോ കൽക്കട്ടയിൽ തന്നെ യോഗം ചേർന്ന് സായുധ സമരത്തിലൂന്നിയ ബി.ടി.ആർ ലൈൻ അതിസാഹസികതയും വിപ്ളവ വ്യാമോഹവുമാണെന്ന് വിലയിരുത്തി. രണദിവെ, ഗംഗാധർ അധികാരി, ഭവാനി സെൻ, സോംനാഥ് ലാഹിരി, എൻ.കെ. കൃഷ്‌ണൻ എന്നിവരെ പുറത്താക്കി. സി. രാജേശ്വരറാവു ജനറൽ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു. അതിനുശേഷവും പാർട്ടിയിൽ ആശയക്കുഴപ്പം നിലനിന്നു. സുന്ദരയ്യ, ബസവ പുന്നയ്യ, രാജേശ്വര റാവു എന്നിവർ ചൈനീസ് ലൈൻ ഉപേക്ഷിക്കാൻ തയ്യാറായില്ല. അതേസമയം എസ്.എ. ഡാങ്കെ, അജയ് ഘോഷ്, എസ്.വി. ഘാട്ടെ എന്നിവർ ബദൽരേഖ തയ്യാറാക്കി. ഈ ഘട്ടത്തിൽ സോവിയറ്റ് യൂണിയൻ ഇടപെട്ടു. ഇരുപക്ഷത്തു നിന്നും ഈരണ്ടു നേതാക്കളെ വീതം റഷ്യയിലേക്ക് വിളിപ്പിച്ചു. 1950 ഡിസംബറിൽ അജയ്ഘോഷ്, ഡാങ്കെ, ബസവ പുന്നയ്യ, രാജേശ്വര റാവു എന്നിവർ മോസ്കോയിലെത്തി. സുസ്ളോവ്, മലങ്കോവ്, മൊളാട്ടോവ് എന്നിവരുമായും ചർച്ച നടത്തി. ഒടുവിൽ ജോസഫ് സ്റ്റാലിൻ തന്നെ ഇന്ത്യൻ നേതാക്കളുമായി ആശയ വിനിമയം നടത്തി. ശക്തമായ ഇന്ത്യൻ സൈന്യത്തോട് നിങ്ങളെങ്ങനെ പിടിച്ചുനിൽക്കും? ഗറില്ല യുദ്ധത്തെ പിന്തുണയ്ക്കാൻ മാത്രം ബഹുജന അടിത്തറ പാർട്ടിക്കുണ്ടോ? എന്നു സ്റ്റാലിൻ ചോദിച്ചു. ഇന്ത്യ ഇതുവരെ ആംഗ്ളോ അമേരിക്കൻ സാമ്രാജ്യത്വ ചേരിയിൽ ചേർന്നിട്ടില്ലെന്ന് ഓർമ്മിപ്പിച്ചു. സമാധാനനയം പിന്തുടരുന്ന നെഹ്‌റു സർക്കാരിനെ അട്ടിമറിക്കുന്നതുകൊണ്ട് ആർക്കാണ് പ്രയോജനമെന്നും ചോദിച്ചു. നാലുമാസം നീണ്ട ചർച്ചകൾക്കൊടുവിൽ നേതാക്കൾ ഇന്ത്യയിൽ തിരിച്ചെത്തി. അവർക്കും പാർട്ടിക്കും വീണ്ടുവിചാരമുണ്ടായി. റഷ്യയുടേയോ ചൈനയുടേയോ മാർഗം ഇന്ത്യക്ക് അതേപടി അനുകരിക്കാൻ കഴിയില്ലെന്നും ഇന്ത്യയുടെ തനതായ വിപ്ളവപാത വെട്ടിത്തുറക്കണമെന്നും വിലയിരുത്തി. 1951 ഏപ്രിലിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കരടു പരിപാടി അവതരിപ്പിച്ചു. അതോടൊപ്പം നയരേഖയും പ്രസിദ്ധീകരിച്ചു. സോഷ്യലിസമല്ല സാമ്രാജ്യത്വവിരുദ്ധ, ജന്മിത്വവിരുദ്ധ ജനാധിപത്യ വിപ്ളവത്തിന്റെ പൂർത്തീകരണമാണ് പാർട്ടിയുടെ അടിയന്തര ലക്ഷ്യമെന്ന് കണ്ടെത്തി. അതിലേക്ക് തൊഴിലാളികളുടേയും കർഷകരുടേയും ഇടത്തരക്കാരുടേയും ദേശീയ ബൂർഷ്വാസിയിലെ തന്നെ സ്വാതന്ത്ര്യവും രാഷ്ട്രപുരോഗതിയും കാംക്ഷിക്കുന്ന വിഭാഗങ്ങളുടെയും പുരോഗമന ഐക്യമുന്നണി കെട്ടിപ്പടുക്കണം, അങ്ങനെ സോഷ്യലിസത്തിലേക്കുള്ള മാറ്റത്തിന് കളമൊരുക്കണമെന്ന് തീരുമാനിച്ചു. സായുധസമരത്തിനോ വിപ്ളവത്തിനോ സമയമായിട്ടില്ല എന്നതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും തീരുമാനിച്ചു.
1951 ഒക്ടോബർ ഒമ്പതു മുതൽ 15 വരെ കൽക്കട്ടയിൽ നടന്ന പാർട്ടി സമ്മേളനം കരടുപരിപാടിയും നയരേഖയും അംഗീകരിച്ചു. രാജേശ്വരറാവു നേതൃത്വമൊഴിഞ്ഞു. അജയഘോഷ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. തെലങ്കാനസമരം അവസാനിപ്പിക്കാനും കർഷകരെക്കൊണ്ട് ആയുധം താഴെവയ്‌പിക്കാനുമുള്ള ചുമതല സ്റ്റാലിൻ രാജേശ്വര റാവുവിനെയാണ് ഏൽപിച്ചിരുന്നത്. മദ്ധ്യസ്ഥർ മുഖേന കേന്ദ്ര സർക്കാരുമായി ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും നെഹ്‌റു തെല്ലും വഴങ്ങിയില്ല. ഒടുവിൽ ഒക്ടോബർ 21 ന് പാർട്ടി തെലങ്കാന സമരം നിരുപാധികം പിൻവലിച്ചു. അങ്ങനെ പാർട്ടി ചരിത്രത്തിലെ ചോരപുരണ്ട ഒരദ്ധ്യായം അവസാനിച്ചു.