നോമിനേഷൻ തന്നെ കോൺഗ്രസിന് ആശ്രയം
കോൺഗ്രസ് പ്ളീനറി സമ്മേളനത്തിനു മുന്നോടിയായി ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിയോഗം പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടതില്ല എന്നാണു തീരുമാനിച്ചത്. കോൺഗ്രസ് പാർട്ടിയെ അടുത്തകാലത്ത് അറിയാവുന്ന ആരും മറിച്ചൊരു തീരുമാനം പ്രതീക്ഷിച്ചിരുന്നില്ല. ഇന്ദിരാഗാന്ധിയുടെ കാലം മുതലേ അനുവർത്തിക്കുന്ന നോമിനേഷൻ സമ്പ്രദായം പുതിയ പ്രവർത്തക സമിതി നിർണയത്തിലും പിന്തുടരാനാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലെ ധാരണ. മറ്റൊരു പ്രധാനകാര്യം പാർട്ടി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് പ്രവർത്തകസമിതി അംഗങ്ങളെ നിശ്ചയിക്കാനുള്ള ദൗത്യം വിട്ടുനല്‌കി എന്നതാണ്. എത്രയോ വർഷങ്ങളായി ഹൈക്കമാൻഡ് എന്നു പറയുന്ന സോണിയാഗാന്ധിയും അവരോടു ചേർന്നുനില്‌ക്കുന്ന ഏതാനും നേതാക്കളും ചേർന്നാണ് പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ ആരൊക്കെ വരണമെന്നു തീരുമാനിച്ചിരുന്നത്. റായ്‌പൂരിൽ നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സോണിയാഗാന്ധിയും രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും സംബന്ധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ തന്ത്രപരമായിരുന്നു നോമിനേഷൻ സംബന്ധിച്ച തീരുമാനമെന്നു കരുതാം.
പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പു നടക്കുമെന്നും തീപാറുന്ന പോരാട്ടമാകും ഉണ്ടാകാൻ പോകുന്നതെന്നും കുറച്ചുദിവസങ്ങളായി കേട്ടിരുന്നു. ഇതേച്ചൊല്ലി ശക്തമായ ചരടുവലികളും ഉപജാപങ്ങളുമൊക്കെ കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും മുറുകിക്കൊണ്ടിരിക്കുന്നതിനിടയിലാണ് തിരഞ്ഞെടുപ്പു നടത്തി ഉള്ള മാനംകൂടി കളയേണ്ടതില്ലെന്ന യുക്തിഭദ്രമായ തീരുമാനം നേതൃത്വം കൈക്കൊണ്ടത്. പ്രവർത്തകസമിതി തിരഞ്ഞെടുപ്പിനെക്കുറിച്ച് വാർത്ത പുറത്തുവന്ന ഘട്ടത്തിൽത്തന്നെ കേരളത്തിലുൾപ്പെടെ അരയും തലയും മുറുക്കി നേതാക്കൾ ഗോദയിൽ ഇറങ്ങിക്കഴിഞ്ഞിരുന്നു. ഇക്കുറിയും നോമിനേഷൻ തന്നെയാണെന്ന തീരുമാനത്തിലൂടെ പാർട്ടിയിൽ ഭിന്നിപ്പും അന്തഃഛിദ്രവും ഒഴിവാക്കാൻ നേതൃത്വത്തിനു കഴിഞ്ഞത് നിസാര കാര്യമല്ല. പ്രവർത്തക സമിതിയുടെ വലിപ്പം കൂട്ടാനും അൻപതുശതമാനം സ്ഥാനങ്ങൾ ദളിത്, ഒ.ബി.സി, യുവ, ന്യൂനപക്ഷ വിഭാഗങ്ങൾക്കായി മാറ്റിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. സമിതിയിൽ നിലവിൽ 25 അംഗങ്ങളാണുള്ളത്. പുനഃസംഘടന കഴിയുമ്പോൾ അത് മുപ്പത്തഞ്ചായെങ്കിലും ഉയർന്നേക്കും. പാർട്ടി അദ്ധ്യക്ഷൻ ഖാർഗെയാകും മുഴുവൻ അംഗങ്ങളെയും നിശ്ചയിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും അന്തിമ തീരുമാനം സോണിയയുടേയും കുടുംബത്തിന്റെയും തന്നെയാകും. നോമിനേഷൻ രീതി വേണ്ടെന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലും വാദഗതികൾ ഉയരാതിരുന്നില്ല. എന്നാൽ നേതൃത്വത്തിന്റെ മനസറിയാവുന്ന ബഹുഭൂരിപക്ഷം പേരും തിരഞ്ഞെടുപ്പ് വേണ്ടെന്നു തന്നെയാണ് നിലപാടെടുത്തത്.
ജനാധിപത്യത്തെക്കുറിച്ച് എപ്പോഴും ഉറക്കെ ശബ്ദിക്കാറുള്ള കോൺഗ്രസ് നേതാക്കൾ സ്വന്തം സംഘടനാ തിരഞ്ഞെടുപ്പിനെ ഇത്രമാത്രം ഭയക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. സ്ഥാനമാനങ്ങൾ വിട്ടൊഴിയാനുള്ള മടിയാണ് നേതൃനിരയിലെ പലർക്കും തിരഞ്ഞെടുപ്പിനോട് വിമുഖത തോന്നാൻ കാരണം.
റായ്‌പൂരിൽ ഇന്നു സമാപിക്കുന്ന പ്ളീനറി സമ്മേളനം പാർട്ടി ഭരണഘടനയിൽ 16 ഭേദഗതികൾക്ക് അംഗീകാരം നല്‌കി. ഈ വർഷം നടക്കുന്ന ആറു നിയമസഭാ തിരഞ്ഞെടുപ്പുകളിലും അടുത്തവർഷം ആദ്യം നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും പാർട്ടി സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചും പ്ളീനറി സമ്മേളനം ചർച്ചചെയ്യും. പ്രവർത്തക സമിതി മുതൽ മണ്ഡലം കമ്മിറ്റി വരെയുള്ള പുനഃസംഘടനയാണ് പാർട്ടി ഉദ്ദേശിക്കുന്നത്. പാർട്ടിയെ കൂടുതൽ ചലനാത്മകമാക്കാനും നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാനും പറ്റിയ നയസമീപനങ്ങളും കർമ്മപരിപാടികളുമാണ് സാധാരണ കോൺഗ്രസ് പ്രവർത്തകർ പാർട്ടി നേതൃത്വത്തിൽ നിന്നു പ്രതീക്ഷിക്കുന്നത്. നയരൂപീകരണ സമിതിയായ പ്രവർത്തക സമിതിക്ക് പുതിയൊരു മുഖം നല്‌കാൻ തിരഞ്ഞെടുപ്പിലൂടെ കഴിയുമായിരുന്നു. ഇത്തവണയും ആ സാദ്ധ്യതയാണ് നോമിനേഷൻ തീരുമാനത്തിലൂടെ ഇല്ലാതാക്കിയത്. മാറ്റങ്ങളെക്കുറിച്ച് ആവേശപൂർവം പറയുമ്പോഴും അത്രയൊന്നും മാറ്റം വേണ്ടെന്നു തന്നെയാകാം പാർട്ടി നേതൃത്വം കരുതുന്നത്.