പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം; ആറ്റുനോറ്റ് ലക്ഷങ്ങൾ ആറ്റുകാലിലേക്ക്

Sunday 26 February 2023 12:56 AM IST

തിരുവനന്തപുരം: അനന്തപുരിയുടെ എല്ലാ വഴികളും ഇനി പത്തുനാൾ ആറ്റുകാലിലേക്ക്. പൊങ്കാല മഹോത്സവം നാളെ ആരംഭിച്ച് മാർച്ച് 8ന് സമാപിക്കും. ഭക്തലക്ഷങ്ങൾ കാത്തിരിക്കുന്ന പൊങ്കാല മാർച്ച് 7നാണ്. രാവിലെ 10.30ന് പണ്ടാര അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം.

നാളെ വെളുപ്പിന് 4.30ന് കാപ്പുകെട്ടി കുടിയിരുത്തും. മാർച്ച് ഒന്നിന് കുത്തിയോട്ട വ്രതം ആരംഭിക്കും. ഇത്തവണ 10-12 പ്രായക്കാരായ കുട്ടികളെ മാത്രമാണ്‌ കുത്തിയോട്ടത്തിൽ പങ്കെടുപ്പിക്കുക. ഇതിനായി 748 കുട്ടികളെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ഉത്സവം ജനറൽ കൺവീനർ ജി. ജയലക്ഷ്മി പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊങ്കാലനാൾ രാവിലെ 10.30ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന്‌ ദീപം പകർന്ന് മേൽശാന്തി പി.കേശവൻ നമ്പൂതിരിക്ക് കൈമാറും. ഇതാണ് പണ്ടാര അടുപ്പിൽ ജ്വലിപ്പിക്കുന്നത്. തുടർന്ന് ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് പകരും.

പൊങ്കാല നിവേദിക്കാൻ 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഒരുക്കങ്ങൾ 90 ശതമാനം പൂർത്തിയായി. മാർച്ച്‌ ഏഴിന്‌ രാത്രി 10.15ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. എട്ടിന്‌ രാത്രി 9.15ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം വെളുപ്പിന് 1.00ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

ക്ഷേത്രം ട്രസ്റ്റ്‌ പ്രസിഡന്റ്‌ ബി.അനിൽകുമാർ, ട്രഷറർ പി.കെ.കൃഷ്‌ണൻ നായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പ്രതീക്ഷ 50 ലക്ഷം പേരെ

 രണ്ടു വർഷ ഇടവേളയ്ക്ക് ശേഷം ക്ഷേത്രത്തിലെത്തി പൊങ്കാലയിടാൻ പറ്റുന്ന ഇത്തവണ 50 ലക്ഷം പേരെ പ്രതീക്ഷിക്കുന്നു

 ദർശനത്തിന് വടക്കേനടയിലൂടെ കയറി പടിഞ്ഞാറെ നടയിലൂടെ പുറത്തിറങ്ങണം

 4000 പൊലീസുകാരുടെയും നൂറിലധികം സന്നദ്ധപ്രവർത്തകരുടെയും സേവനം

 അന്നദാനം അംബ,കാർത്തിക ഓഡിറ്റോറിയങ്ങളിൽ ദിവസവുമുണ്ടാകും

 വിളമ്പുകാർക്കും പാചകക്കാർക്കും ഫുഡ് സേഫ്റ്റി അതോറിട്ടിയുടെ ട്രെയിനിംഗ് നൽകി

ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ച് ക്ഷേത്രവും പരിസരവും പ്ലാസ്റ്റിക് മുക്തമായിരിക്കും

.