വേട്ടയാടി പിടിച്ച മുള്ളൻപന്നിയും നാടൻ തോക്കുമായി പിടിയിൽ

Sunday 26 February 2023 12:00 AM IST

കുമളി: മുള്ളൻ പന്നിയെ നാടൻ തോക്ക് ഉപയോഗിച്ച് വേട്ടയാടി വാഹനത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടെ ഒരാൾ പിടിയിൽ. വണ്ടിപ്പെരിയാർ വാളാർഡി തെങ്ങനാകുന്നിൽ സോയി മാത്യുവാണ് കുമളി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. വണ്ടിപ്പെരിയാർ വാളാർഡി മേപ്പരട്ട് വന്യമൃഗങ്ങളെ വേട്ടയാടുന്നതായി വനം വകുപ്പിന് പരാതി ലഭിച്ചിരുന്നു. ഇതോടെ വനപാലകർ അന്വേഷണം ഊർജിതമാക്കിയിരുന്നു. കുമളി വാളാർഡി ഓടമേട് ഭാഗത്ത് വച്ച് പരിശോധനയ്ക്കിടെ വെടിയൊച്ച കേട്ടു. തുടർന്ന് ഇരുചക്ര വാഹനത്തിൽ വന്ന വാളാർഡി സ്വദേശി സോയി മാത്യു പിടിയിലാകുകയായിരുന്നു.

പ്രതി വാഹനം വെട്ടിച്ചു മാറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വനപാലകർ പിടികൂടിയത്. ഇയാൾ സഞ്ചരിച്ച വാഹനത്തിൽ നിന്ന് ചാക്കിൽ പൊതിഞ്ഞ നിലയിൽ മുള്ളൻ പന്നിയുടെ ജഡവും നാടൻ തോക്കും തിരയും മറ്റ് വേട്ടയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. ഇയാളോടൊപ്പം കൂട്ടുപ്രതികൾ ഉണ്ടോയെന്നും വനപാലകർ അന്വേഷിക്കുന്നുണ്ട്. വനം വകുപ്പ് ചെല്ലാർ കോവിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഗ്രേഡ് സെക്ഷൻ ഫോസ്റ്റ് ഓഫീസർമാരായ വി.എസ്. മനോജ്, ജെ. വിജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം. സതീഷ്,​ ഫോറസ്റ്റ് വാച്ചർ ഇ. ഷൈജുമോൻ എന്നിവരും പങ്കെടുത്തു.