മൂര്യാട് നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

Saturday 25 February 2023 11:31 PM IST

കൂത്തുപറമ്പ്:മൂര്യാട് മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ പോസ്റ്റ് ഓഫീസ്ഭാഗത്ത് നാല് പേർക്കാണ് തെരുവുനായുടെ കടിയേറ്റത്. രണ്ടു വയസ്സുകാരന്റെ മുഖത്താണ് നായ കടിച്ചു പരിക്കേൽപ്പിച്ചത്. ആളൊഴിഞ്ഞ വീടുകളാണ് നായ്ക്കൾ കേന്ദ്രമാക്കി മാറ്റിയിട്ടുള്ളത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ മുറ്റത്ത് നിന്നും കളിക്കുകയായിരുന്ന മൂര്യാട് മയിലിപറമ്പ് പടിഞ്ഞാറയിൽ ഷൈജുവിന്റെ രണ്ടു വയസ്സുകാരനായ റയാനാണ് തെരുവുനായയുടെ കടിയേറ്റത്. കുട്ടി നിലത്ത് വീഴുകയും കുട്ടിയുടെ ദേഹത്ത് കയറി മുഖത്ത് നായ കടിക്കുകയും ആയിരുന്നു. കുട്ടിയുടെ മുത്തച്ഛൻ പുരുഷോത്തമൻ സമയത്ത് കണ്ടതിനാലാണ് കുട്ടിയെ രക്ഷപ്പെടുത്താനായത്. സമീപത്ത് താമസിക്കുന്ന ഷെർലി, ആറു വയസ്സുകാരിയായ അൻവിത്ര, ജോലിക്ക് വന്ന മറ്റൊരു സ്ത്രീ എന്നിവർക്കും തെരുവ് നായയുടെ കടിയേറ്റു. കുട്ടികൾ സ്കൂളിൽ പോകുന്നത് പോലും ഭയപ്പാടോടെയാണ്. എത്രയും പെട്ടെന്ന് തന്നെ അധികൃതർ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.