കൊടും ചൂടിൽ വിയർത്ത് നാടും നഗരവും വെന്തുരുകി കണ്ണൂർ

Saturday 25 February 2023 11:35 PM IST

നാൽപത് ഡിഗ്രി സെൽഷ്യസ് കടക്കുന്നു

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില

 ഇരിക്കൂറിൽ രേഖപ്പെടുത്തിയ 40.6

ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ 39.9

കണ്ണൂർ: കൊടുംചൂടിൽ വെന്തുരുകി നാടും നഗരവും. കനത്ത ചൂടിൽ പകൽ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. തൊഴിലാളികൾക്കും മറ്റും പകൽ ജോലിക്ക് നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങി. കുടിവെള്ള ക്ഷാമവുമുണ്ട്. സംസ്ഥാനത്ത് ഈ വർഷം കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. പാലക്കാടിനേക്കാൾ ചൂടുണ്ടിവിടെ. രാത്രികാലങ്ങളിലും അത്യുഷ്ണമാണ്. പുലർകാലങ്ങളിൽ നേരിയ തണുപ്പുണ്ട്. ജില്ലയിൽ ഈ മാസം മൂന്ന് ദിവസം താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനിലയാണിത്.

നഗരത്തിൽ ഗ്രാമ പ്രദേശങ്ങളെ അപേക്ഷിച്ച് ചൂട് കുറവാണ്. കണ്ണൂർ നഗരത്തിൽ ഇതുവരെ താപനില 38 ഡിഗ്രിക്ക് മുകളിലായിട്ടില്ല.കഴിഞ്ഞവർഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ചൂട് കൂടുതലാണ്. കാലാവസ്ഥാ വകുപ്പ് നിരീക്ഷണകേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കിലും കണ്ണൂരിലെ ചൂട് എടുത്തുപറയുന്നു. ഫെബ്രുവരിയിൽ മൂന്ന് ദിവസം 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണകേന്ദ്രത്തിൽ താപനില രേഖപ്പെടുത്തിയത്.

ഈ മാസം മൂന്നുതവണ നാൽപത് കടന്നു

ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങളിൽനിന്നുള്ള കണക്ക് പ്രകാരം 13ന് ഇരിക്കൂറിലാണ് കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 40.6 ഡിഗ്രി സെൽഷ്യസ്. കണ്ണൂർ വിമാനത്താവളത്തിൽ പതിമൂന്നിനും പത്തിനും 40.3 ഡിഗ്രി സെൽഷ്യസായിരുന്നു. നാലിന് 40.4 ഡിഗ്രി സെൽഷ്യസും. ഇന്നലെ ആറളം, അയ്യൻകുന്ന്, ചെമ്പേരി, ഇരിക്കൂർ എന്നിവിടങ്ങളിൽ 39ന് മുകളിലും കണ്ണൂർ വിമാനത്താവളത്തിൽ 39.9 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില.