നീറ്റ് പി.ജി പരീക്ഷ മാർച്ച് അ‌ഞ്ചിന്, നീട്ടണമെന്ന ഹർജി നാളെ പരിഗണിക്കും

Sunday 26 February 2023 4:43 AM IST

ന്യൂഡൽഹി : നീറ്റ് പി.ജി പരീക്ഷ മാർച്ച് അ‌ഞ്ചിന് നടക്കും. അഡ്മിറ്റ് കാർഡ് നാളെ മുതൽ ലഭിക്കും. ബോർഡ് ഒഫ് എക്‌സാമിനേഷൻസിന്റെ ഔദ്യോഗിക വെബ്സൈറ്റായ nbe.edu.in, natboard.edu.in എന്നിവയിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

അതേസമയം, ഇന്റേൺഷിപ്പ് പൂർത്തിയാക്കാനുള്ള കട്ട് ഓഫ് തീയതി ആഗസ്റ്റ് 11 വരെ നീട്ടിയ സാഹചര്യത്തിൽ നീറ്റ് പി.ജി പരീക്ഷ മൂന്നുമാസത്തേക്ക് നീട്ടണമെന്ന ഒരു വിഭാഗം വിദ്യാർത്ഥികളുടെ ആവശ്യം സുപ്രീംകോടതി നാളെ പരിഗണിക്കും. ഇന്റേൺഷിപ്പ് കാരണം പ്രവേശന പരീക്ഷയ്‌ക്ക് തയാറെടുക്കാൻ സമയം ലഭിക്കുന്നില്ലെന്നാണ് പരാതി. ആഗസ്റ്റ് 11ന് ശേഷമേ നീറ്റ് പി.ജി കൗൺസലിംഗ് പാടുള്ളൂവെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് (എൻ.ബി.ഇ)​ഇതിനെ എതിർത്തിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്‌തെന്നും, പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നുമാണ് എൻ.ബി.ഇയുടെ വാദം.