കൊടുങ്ങല്ലൂരിൽ ഭഗവതി ക്ഷേത്രത്തിൽ ചെറുഭരണിക്ക് കൊടിയേറ്റം

Sunday 26 February 2023 1:15 AM IST

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് ആരംഭം കുറിച്ച് ചെറുഭരണിക്ക് കൊടിയേറി. കുംഭമാസത്തിലെ ചെറുഭരണി നാളായ ശനിയാഴ്ച പന്തീരടി പൂജയ്ക്ക് ശേഷം പരമ്പരാഗത അവകാശികളായ കാവിൽ വീട്ടിൽ കാരണവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.

വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിയ കാവിൽ വീട്ടിൽ കുടുംബക്കാർ ക്ഷേത്രത്തിന് ചുറ്റും മൂന്ന് പ്രാവശ്യം പ്രദക്ഷിണം വെച്ച് വടക്കേ നടയിലെത്തി ക്ഷേത്രമുറ്റത്തെ കോഴിക്കല്ലിൽ സ്വർണ്ണ താലിയും പട്ടും സമർപ്പിച്ചു. ഇതോടെ കുഡുംബി സമുദായക്കാർ ക്ഷേത്രത്തിന് ചുറ്റുമുള്ള ആൽമരങ്ങളിലും ക്ഷേത്രാങ്കണത്തിലും വിവിധ വർണങ്ങളിലുള്ള കൊടിക്കൂറകൾ ഉയർത്തി.

മീനമാസത്തിലെ തിരുവോണനാളായ മാർച്ച് 18 നാണ് ക്ഷേത്രച്ചടങ്ങുകൾ ആരംഭം കുറിക്കുന്ന കോഴിക്കല്ല് മൂടൽ. 24 നാണ് പ്രസിദ്ധമായ അശ്വതി നാളിലെ കാവു തീണ്ടൽ. 25ന് ഭരണി ആഘോഷിക്കും. രാവിലെ ചടങ്ങുകൾക്ക് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ, സെക്രട്ടറി പി.ഡി.ശോഭന, ഡെപ്യൂട്ടി കമ്മിഷണർ പി.ബിന്ദു, അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്താ, ദേവസ്വം മാനേജർ കെ.വിനോദ് എന്നിവർ നേതൃത്വം നൽകി.

ഭരണി മഹോത്സവത്തിനെത്തുന്ന കോമരങ്ങളെയും ഭക്തരെയും സ്വീകരിക്കാനും അവരുടെ സുരക്ഷയ്ക്കും വിപുലമായ സംവിധാനങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡ് ഒരുക്കമാരംഭിച്ചിട്ടുണ്ട്. ഭരണിയോടനുബന്ധിച്ച് പ്രാതലും ഉച്ചയ്ക്ക് അന്നദാനവും കൂടാതെ സംഭാര ചുക്കുവെള്ള വിതരണവും ദേവസ്വം വകയായി നൽകും.