കേബിളിൽ കുരുങ്ങി അമ്മയ്ക്കും മകനും പരിക്ക്

Sunday 26 February 2023 1:20 AM IST

തളിക്കുളം : ദേശീയപാതയിൽ പൊട്ടിക്കിടന്ന കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികരായ അമ്മയ്ക്കും മകനും പരിക്ക്. തളിക്കുളം ഹഷ്മിനഗർ കൊടുവത്തുപറമ്പിൽ ശോഭന (53), മകൻ ശരത് (29) എന്നിവർക്കാണ് പരിക്ക്. ഇരുവരെയും തൃപ്രയാർ ആക്ട്‌സ് പ്രവർത്തകർ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പതിനൊന്നിന് തളിക്കുളം ഹൈസ്‌കൂളിന് മുന്നിലായിരുന്നു അപകടം. കേബിളിൽ കുരുങ്ങി ബൈക്ക് മറിയുകയും പിറകെ വന്ന കണ്ടെയ്‌നറിൽ കുരുങ്ങി ബൈക്കിനെ മുന്നോട്ട് വലിച്ചുകൊണ്ടുപോകുകയും ചെയ്തു.

അപകടത്തിൽ ശോഭനയ്ക്കും ശരത്തിനും മുഖത്ത് സാരമായ പരിക്കുണ്ട്. മുമ്പ് കളക്ടറേറ്റിന് സമീപം അരങ്ങ് കെട്ടിയ വള്ളി കഴുത്തിൽ കുരുങ്ങി സ്‌കൂട്ടർ യാത്രികയായ അഭിഭാഷകയ്ക്ക് പരിക്കേറ്റിരുന്നു. ദേശീയപാത വികസന പ്രവൃത്തി നടന്നുകൊണ്ടിരിക്കേ കേബിൾ ഉൾപ്പെടെയുള്ളവ റോഡിൽ അശ്രദ്ധയോടെയാണ് തള്ളിയിടുന്നതെന്ന പരാതി ഉയരുന്നുണ്ട്.