പൊള്ളുന്ന ചൂടിൽ കളം പിടിച്ച് പഴം വിപണി.

Monday 27 February 2023 12:48 AM IST

കോട്ടയം . കത്തുന്ന ചൂടല്ലേ,​ ശരീരമൊന്ന് തണുപ്പിക്കാൻ പഴങ്ങൾ തന്നെ വേണം. ചൂട് കാരണം നാട്ടിലെ പച്ചപ്പൊക്കെ പോയെങ്കിലും പച്ചപിടിച്ചത് പഴം വിപണിയാണ്. വിവിധ തരം പഴങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ഓറഞ്ചും മുന്തിരിയും തണ്ണിമത്തനുമൊക്കെയായി വഴിയോര കച്ചവടമുൾപ്പെടെ മൊത്തക്കച്ചവടവും ഈ വേനലിൽ കുതിപ്പ് തുടരുകയാണ്. പഴങ്ങൾക്ക് കാര്യമായ വിലവർദ്ധനയും ഇല്ലാത്തത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നു. എല്ലാ പഴങ്ങളും വിപണിയിൽ ലഭ്യമായതിനാൽ ആവശ്യക്കാർക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. മുന്തിരി വിവിധ തരത്തിലുള്ളത് വിപണിയിൽ ലഭ്യമാണ്. ജില്ലയിലെ പഴവിപണിയിലേക്ക് പ്രധാനമായും തമിഴ്‌നാട്, കർണാടക, ആന്ധ്രാ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് പഴങ്ങൾ എത്തുന്നത്. നാടൻ പഴങ്ങൾ മാത്രമല്ല തുർക്കി, ഇറ്റലി, ഇറാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി ചെയ്യുന്ന പഴങ്ങളും ലഭ്യമാണ്. ജ്യൂസ് വിപണിയിലും തിരക്ക് വർദ്ധിച്ചിട്ടുണ്ട്.

വില ഇങ്ങനെ (കിലോ).

കുരുവില്ലാത്ത പച്ച മുന്തിരി 100

കറുത്ത മുന്തിരി 140

കുരുവുള്ള കറുത്തമുന്തിരി 80

ഓറഞ്ച് 90, സിട്രസ് 140

ഇറാൻ ആപ്പിൾ 200

റോയൽഗാല 240

പച്ച ആപ്പിൾ 240

മാതളനാരങ്ങ 180

പൈനാപ്പിൾ 55

പപ്പായ 50

ഡ്രാഗൺ ഫ്രൂട്ട് 240

കിവി 120 (ബോക്‌സ്)

ട്രോബറി 120 (ബോക്‌സ്)

വ്യാപാരി കെ എസ് ഷാമോന്റെ വാക്കുകൾ.

ചൂട് വർദ്ധിച്ച് നിൽക്കുന്ന സാഹചര്യമാണെങ്കിലും പഴവിപണിയിൽ വിലവർദ്ധനവില്ല. നോമ്പുകാലം ആരംഭിക്കുന്നതോടെ പഴത്തിന് കൂടുതൽ ആവശ്യക്കാർ ഉണ്ടാകും. ഇതോടെ വില ഉയരാൻ സാദ്ധ്യതയുണ്ട്.