സ്ട്രീറ്റ് പദ്ധതി ആഗോളതലത്തിൽ മാതൃക : മന്ത്രി റിയാസ്

Monday 27 February 2023 12:12 AM IST

കോട്ടയം . ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ സ്ട്രീറ്റ് പദ്ധതി ആഗോള തലത്തിൽ മാതൃകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുമരകത്ത് നടക്കുന്ന ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ഉത്തരവാദിത്ത ടൂറിസം രംഗത്ത് ആഗോള നേതാവാണ്. ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ എത്തിക്കുന്നതിനും ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റിയായി മാറ്റാനുള്ള തീരുമാനം സർക്കാരെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം പി മുഖ്യാതിഥി ആയിരുന്നു. ഉത്തരവാദിത്ത ടൂറിസം പദ്ധതിയെക്കുറിച്ചുള്ള വീഡിയോ പ്രകാശനം അഡി. ചീഫ് സെക്രട്ടറി വി വേണു നിർവഹിച്ചു. ഉത്തരവാദിത്ത ടൂറിസം മുന്നേറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ട് സംസ്ഥാന ടൂറിസം ഡയറക്ടർ പി ബി നൂഹ് അവതരിപ്പിച്ചു. ഉച്ചകോടിയുടെ ബ്രോഷർ കളക്ടർ പി കെ ജയശ്രീ പുറത്തിറക്കി. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 70 പ്രഭാഷകരും 280 പ്രതിനിധികളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. 28 ന് സമാപിക്കും.