മാമാങ്ക നാട്ടിൽ നിന്നും ഗജവീരന്മാർ ഉത്രാളിക്കാവിലേക്ക്

Monday 27 February 2023 12:04 AM IST

വടക്കാഞ്ചേരി : മാമാങ്കത്തിന്റെ നാട്ടിൽ നിന്നും മൂന്ന് ഗജവീരന്മാർ ഉത്രാളിക്കാവ് പൂരമെഴുന്നെള്ളിപ്പിനെത്തും. മാമാങ്കത്തിന്റെ നാടായ മച്ചാട് തട്ടകത്ത് നിന്നും മച്ചാട് ജയറാം, മച്ചാട് ഗോപാലൻ, മച്ചാട് ധർമ്മൻ എന്നീ ആനകളാണ് ഉത്രാളിക്കാവ് പൂരത്തിന് അണിനിരക്കുക. ഉത്രാളിക്കാവ് പൂരത്തിന്റെ മുഖ്യപങ്കാളികളായ ദേശക്കാർക്കായാണ് ഈ ആനകൾ എഴുന്നള്ളുക. മച്ചാട് ധർമ്മൻ എങ്കക്കാടിനും, മച്ചാട് ഗോപാലൻ വടക്കാഞ്ചേരിക്കും, മച്ചാട് ജയറാം കുമരനെല്ലൂരിനുമായി എഴുന്നെള്ളിപ്പിനെത്തും. കുമരനെല്ലൂർ ദേശക്കാരാണ് ആദ്യം മൂന്ന് ആനകളെയും എഴുന്നള്ളിപ്പിനായി ആവശ്യപ്പെട്ടത്. എന്നാൽ ആനയുടമ പക്ഷഭേദമില്ലാതെ മൂന്ന് ദേശക്കാർക്കും മൂന്ന് ആനകളെ വിട്ടു കൊടുക്കുകയായിരുന്നു.

ഒരു തട്ടകത്ത് നിന്നും ഒരാളുടെ ഉടമസ്ഥതയിലുള്ള ആനകൾ ഉത്രാളിക്കാവ് പൂരമെഴുന്നെള്ളിപ്പിനെത്തുന്ന പ്രത്യേകത കൂടി ഈ വർഷത്തെ പൂരത്തിനുണ്ട്. തിരുവാണിക്കാവ് ഭഗവതിയും ഉത്രാളിക്കാവ് ഭഗവതിയും ജ്യേഷ്ഠത്തിയും അനുജത്തിയുമാണെന്നാണ് സങ്കല്പം. അനുജത്തിയുടെ തട്ടകത്ത് നിന്നാണ് ജ്യേഷ്ഠത്തിയുടെ തട്ടകമായ ഉത്രാളിക്കാവിൽ മൂന്ന് ഗജവീരന്മാരെത്തുന്നത്. എങ്കക്കാട് ദേശം ഉത്രാളിക്കാവിൽ മച്ചാട് ധർമ്മനെ അണിനിരത്തി എഴുന്നെള്ളിപ്പ് തുടങ്ങും. വടക്കാഞ്ചേരി ദേശം വടക്കാഞ്ചേരി ശിവക്ഷേത്രത്തിലെ നടപ്പുര പഞ്ചവാദ്യത്തിൽ മച്ചാട് ഗോപാലനെ അണിനിരത്തും. തുടർന്ന് രാജകീയ പ്രൗഢിയോടെ ഉത്രാളിക്കാവിലേക്ക് നീങ്ങും. കുമരനെല്ലൂർ ദേശം ഗജഘോഷയാത്രയായി ഉത്രാളിക്കാവിലേക്ക് മച്ചാട് ജയറാമിനെ എഴുന്നള്ളിക്കും.