പാചക വാതകം ഉടൻ നൽകാമെന്ന് പറഞ്ഞു തട്ടിപ്പ്

Monday 27 February 2023 1:35 AM IST

മുടപുരം: ഗാര്‍ഹിക ഗ്യാസ് സിലിണ്ടർ ലഭിക്കുന്നതിനുള്ള ദൗര്‍ലഭ്യം മുതലെടുത്ത് പണം തട്ടിപ്പ് നടത്തുന്നതായി പരാതി. ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന് വേണ്ടി ആഴ്ച്ചകളോളം കാത്തിരിക്കുന്ന വീട്ടമ്മമാരെ ലക്ഷ്യം വെച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം മുടപുരം ആയുര്‍വേദ ആശുപത്രിയ്ക്ക് സമീപം താമസിക്കുന്ന വീട്ടമ്മയെ കബളിപ്പിച്ച് ഒരാള്‍ പണം തട്ടിയതോടെയാണ് ഇത്തരം വെട്ടിപ്പ് വിവരം പുറത്തിറിഞ്ഞത്. രാവിലെ വീട്ടിലെത്തി യുവാവ് തമ്പുരാട്ടി ഗ്യാസ് ഏജന്‍സിയില്‍ നിന്ന് വരുന്ന ആളാണ് എന്ന് സ്വയം പരിചയപ്പെടുത്തി ഗ്യാസ് ബുക്ക് ചെയ്തിട്ടുണ്ടോയെന്ന് ചോദിച്ച് കണക്ഷന്റെ വിശദാംശങ്ങള്‍ അറിഞ്ഞ് ശേഷം സിലിണ്ടർ ഉടന്‍ കിട്ടാന്‍ 1100 രൂപ നല്‍കണമെന്ന് പറഞ്ഞു. സ്ഥിരം ഗ്യാസ് നല്‍കുന്ന ആള്‍ ഇന്ന് ലീവാണെന്ന പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു. പണം കൈപ്പറ്റി പുറത്തിറങ്ങി സ്‌കൂട്ടറില്‍ രക്ഷപ്പെട്ടതില്‍ സംശയം തോന്നിയ വീട്ടമ്മ ഗ്യാസ് ഏജന്‍സിയില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. ഉടന്‍ തന്നെ വിവിധ സാമുഹ്യ മാദ്ധ്യമ ഗ്രുപ്പുകളില്‍ വിവരമറിയിച്ചു. ഇതിനിടെ രണ്ട് മാസം മുമ്പ് പുകയില തോപ്പില്‍ സമാനമായ തട്ടിപ്പ് നടന്നിരുന്നു. ആ സമയം വീട്ടുടമ സമീപത്തെ സി.സി.ടിവി ദൃശ്യം ശേഖരിച്ചെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ സി.സി.ടിവി ദൃശ്യത്തിലെ വ്യക്തിയ വീട്ടമ്മ തിരിച്ചറിഞ്ഞു. ഉടനെ ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിനിടെ ആറ്റിങ്ങല്‍ സ്വദേശിയായ യുവാവ് തട്ടിപ്പ് നടത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞ് ഈ വിവിരം ചിറയിന്‍കീഴ് പൊലീസിലെ അറിയിച്ചു. സമാനമായ നിരവധി സംഭവങ്ങള്‍ ഈ പ്രദേശങ്ങളിൽ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.