കാപ്പിത്തോട്ടിലെ കലുങ്ക് തകർന്നു

Monday 27 February 2023 12:54 AM IST
വടക്ക് പഞ്ചായത്ത് 15-ാം വാർഡ് നീർക്കുന്നത്ത് കാപ്പിത്തോട്ടിലെ കലുങ്ക് തകർന്ന നിലയിൽ

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാർഡ് നീർക്കുന്നത്ത് കാപ്പിത്തോട്ടിലെ കലുങ്ക് തകർന്നു. 2018 ലാണ് നാട്ടുകാർ മുന്നിട്ടിറങ്ങി കലുങ്ക് നിർമ്മിച്ചത്. ഇവിടെ കലുങ്ക് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പല തവണ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയെങ്കിലും പഞ്ചായത്ത് തയ്യാറായില്ല. തുടർന്ന് നാട്ടുകാരുടെ ധനസമാഹരണത്തിലൂടെ ഏകദേശം 40, 000 രൂപ ചെലവഴിച്ചു നിർമിച്ച കലുങ്കാണ് തകർന്നത്.

കാപ്പിത്തോട്ടിൽ നീരൊഴുക്ക് തടസപ്പെട്ടതോടെ മണ്ണ് ഒലിച്ചു പോയതാണ് കലുങ്ക് തകരാൻ കാരണമായത്. രണ്ട് മാസം മുൻപു തന്നെ കലുങ്കിന്റെ പല ഭാഗവും പൊട്ടിയിരുന്നു. അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്തെ 30 ഓളം വീട്ടുകാരുടെ വഴിയാണ് അവതാളത്തിലായത്.