സുരാജുവിനു വേണ്ടി കാർത്തികേയൻ ഓടും

Monday 27 February 2023 1:04 AM IST
ചികിത്സാ ധനസമാഹരണത്തിനായി ഇന്ന് സർവീസ് നടത്തുന്ന കാർത്തികേയൻ ബസ്

മാന്നാർ: പ്രമേഹത്തെ തുടർന്ന് കാഴ്ചശക്തി നഷ്ടപ്പെടുകയും വൃക്കകൾ തകരാറിലാവുകയും ചികിത്സയിലിരിക്കെ ഹൃദയ സംബന്ധമായ രോഗം ബാധിക്കുകയും ചെയ്ത സുരാജുവിനു വേണ്ടി ഇന്ന് 'കാർത്തികേയൻ' ഓടും! മാന്നാർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് വലിയകുളങ്ങര പണിക്കശ്ശേരിയിൽ വീട്ടിൽ സോമരാജിന്റെ മകൻ സുരാജുവിന്റെ (30) ജീവൻ നിലനിറുത്താനുള്ള ധനസമാഹരണത്തിനുള്ള ശ്രമമാണ് ചെങ്ങന്നൂർ മഠത്തുംപടിയിൽ ആർ.എസ് വില്ലയിൽ സൂരജിന്റെ ഉടമസ്ഥതയിലുള്ള കാർത്തികേയൻ ബസിലെ തൊഴിലാളികൾ ഇന്ന് നടത്തുന്നത്. ചെങ്ങന്നൂർ-പുലിയൂർ-തോനക്കാട്-മാവേലിക്കര റൂട്ടിലാണ് കാർത്തികേയന്റെ സർവീസ്. രാവിലെ 7.25 ന് മാവേലിക്കരയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് ആരംഭിച്ച് വൈകിട്ട് 6.30 ന് മാവേലിക്കരയിൽ അവസാനിക്കുന്ന പത്ത് ട്രിപ്പുകളിലൂടെ പരമാവധി തുക സമാഹരിക്കാനാണ് ശ്രമം. ചികിത്സയ്ക്ക് വലിയൊരു തുക ആവശ്യമായതിനാൽ കരുണവറ്റാത്ത സുമനസുകളുടെ സഹായമാണ് സുരാജുവിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ.