മതവിദ്വേഷമുണ്ടാക്കുന്ന ലഘുലേഖകൾ വിതരണംചെയ്ത രണ്ട് പേർ അറസ്റ്റിൽ

Monday 27 February 2023 12:13 AM IST

നെടുമ്പാശേരി: പറമ്പയത്ത് വീടുകളിൽ മതവിദ്വേഷമുണ്ടാക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും വിതരണംചെയ്ത മൂവാറ്റുപുഴ സ്വദേശി പി.ടി. ജോർജ്, കോട്ടയം സ്വദേശി സ്റ്റീഫൻ ചാക്കോ എന്നിവരെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച ഉച്ചയോടെ കാറിലെത്തിയ ഇരുവരും കുട്ടികൾക്കുള്ള പുസ്തകങ്ങളുടെ വില്പനയുടെ മറവിലായിരുന്നു ലഘുലേഖകൾ വിതരണം ചെയ്തത്. ലഘുലേഖകൾ വായിക്കാനിടയായ നാട്ടുകാർ ഇവരെ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. കാറിന്റെ ഡിക്കിയിൽ നിന്ന് 'മുക്തിവാദി പ്രസ്ഥാനം" എന്ന പേരിലുള്ള ലഘുലേഖകളും പുസ്തകങ്ങളും കണ്ടെടുത്തു. കാറിനുള്ളിൽ ഭക്ഷണം പാകംചെയ്യുന്ന പാത്രങ്ങളുമുണ്ടായിരുന്നു. കാറിന് ഇൻഷ്വറൻസുമില്ലെന്ന് പൊലീസ് കണ്ടെത്തി. ഇരുവരെയും സ്റ്റേഷനിലെത്തിച്ചശേഷം പറമ്പയം സ്വദേശിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാത്രിയോടെ കേസെടുത്തു. ഇരുവരെയും പിന്നീട് പൊലീസ് ജാമ്യത്തിൽ വിട്ടു.