ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയ അറസ്റ്റിൽ,​ 100 കോടിയുടെ കോഴ ആരോപണം,​ മോദിയുടെ തിരഞ്ഞെടുപ്പ് തന്ത്രമെന്ന് ആക്ഷേപം

Monday 27 February 2023 12:48 AM IST

ന്യൂ ഡൽഹി : റദ്ദാക്കിയ വിവാദ മദ്യനയത്തിലെ അഴിമതിയുടെ സൂത്രധാരനെന്ന കുറ്റം ചുമത്തി

ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്‌ത ശേഷം സി.ബി.ഐ. അറസ്റ്റ് ചെയ്‌തു. ഇന്ന് കോടതിയിൽ ഹാജരാക്കും. ഒന്നാം പ്രതിയാക്കിയ സിസോദിയയെ കഴിഞ്ഞ ഒക്ടോബർ 17നും ചോദ്യം ചെയ്‌തിരുന്നു.

മദ്യവ്യാപാരികൾ ലൈസൻസ് കിട്ടാൻ 100 കോടി രൂപ കോഴ നൽകിയെന്നാണ് പ്രധാന ആരോപണം.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആം ആദ്മി പാർട്ടിയെ തളർത്താൻ മോദി സർക്കാർ മദ്യനയം ആയുധമാക്കുന്നതിന്റെ ഭാഗമാണ് സിസോദിയയുടെ അറസ്റ്റെന്ന ആക്ഷേപം ശക്തമാണ്.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുന്നേറ്റം തടയാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു.

രാജ്ഘട്ടിൽ പ്രാർത്ഥിച്ചശേഷം ശക്തിപ്രകടനമായാണ് സിസോദിയ സി.ബി.ഐ ആസ്ഥാനത്തേക്ക് പോയയത്. പതിനൊന്ന് മണിയോടെ എത്തി. അറസ്റ്റ് രാത്രി ഏഴേകാലോടെയാണ് രേഖപ്പെടുത്തിയത്.

സിസോദിയയുടെ വീടിന് മുന്നിലും സി.ബി.ഐ ആസ്ഥാനത്തും വൻ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിരുന്നു. സി.ബി.ഐ ആസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച മന്ത്രി ഗോപാൽ റായ്, രാജ്യസഭാംഗം സഞ്ജയ് സിംഗ്, മൂന്ന് എം. എൽ. എമാർ തുടങ്ങി അൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.

സി. ബി. ഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് ചോദ്യം ചെയ്‌തത്. സിസോദിയയുടെ ഉത്തരങ്ങൾ തൃപ്തികരമല്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സി. ബി. ഐ വൃത്തങ്ങൾ അറിയിച്ചു. മദ്യനയത്തിന്റെ വിശദാംശങ്ങളും, മാപ്പുസാക്ഷിയായ ബിസിനസുകാരൻ ദിനേശ് അറോറ ഉൾപ്പെടെയുള്ള പ്രതികളമായുള്ള ബന്ധവും നിരവധി ഫോണുകളിൽ നിന്ന് അയച്ച സന്ദേശങ്ങളുടെ വിശദാംശങ്ങളും ഉദ്യോഗസ്ഥർ ആരാഞ്ഞു. ദിനേശ് അറോറയുടെ കുറ്റസമ്മതവും അറസ്റ്റിലായവരുടെ മൊഴികളും ആധാരമാക്കി വിശദമായ ചോദ്യാവലി സി. ബി. ഐ തയ്യാറാക്കിയിരുന്നു.

മദ്യ വ്യാപാരികളുമായുള്ള ബന്ധം സംബന്ധിച്ച് സിസോദിയയെ കൂടുതൽ ചോദ്യം ചെയ്യും.

കേസിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ പുത്രി കവിത ഉൾപ്പെടുന്ന തെക്കൻ ലോബിയും സി. ബി. ഐ വലയിലാണ്. കവിതയെ ചോദ്യം ചെയ്‌ത സി. ബി. ഐ അവരുടെ മുൻ ചാർട്ടേഡ് അക്കൗണ്ടന്റിനെ അറസ്റ്റ് ചെയ്‌തിരുന്നു.

സിസോദിയയുടെ കുറ്റങ്ങൾ

വിവാദ മദ്യനയം തയാറാക്കി.

മദ്യ വ്യവസായികൾക്ക് 143.4 കോടിയുടെ നിയമവിരുദ്ധ ഇളവുകൾ

ലെഫ്റ്രനന്റ് ഗവർണറുടെ അനുമതിയില്ലാതെ മദ്യനയം മാറ്റി

ഖജനാവിന് കോടികൾ നഷ്‌ടമുണ്ടാക്കി

ഇടപാടുകൾക്ക് ഒട്ടേറെ ഫോണുകൾ ഉപയോഗിച്ചു

1.38 കോടി രൂപയുടെ ഫോണുകൾ നശിപ്പിച്ചു

രാ​ഷ്‌​ട്രീ​യ​ത്തി​ന്റെ​ ​ഇ​ര​ ​:​ ​കേ​ജ്‌​രി​വാൾ

ന്യൂ​ ​ഡ​ൽ​ഹി​ ​:​ ​മ​നീ​ഷ് ​സി​സോ​ദി​യ​ ​രാ​ഷ്‌​ട്രീ​യ​ത്തി​ന്റെ​ ​ഇ​ര​യെ​ന്ന് ​ഡ​ൽ​ഹി​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ൾ.​ ​അ​ന്ത​സു​ള​ള,​ ​വി​ശ്വാ​സ്യ​ത​യു​ള​ള​ ​വ്യ​ക്തി​ക​ളെ​ ​ജ​യി​ലി​ൽ​ ​അ​ട​യ്‌​ക്കു​ക​യാ​ണ്.​ ​ഡ​ൽ​ഹി​യി​ൽ​ ​സി​സോ​ദി​യ​ ​മി​ക​ച്ച​ ​വി​ദ്യാ​ഭ്യാ​സ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​തു​ട​രു​മ്പോ​ഴാ​ണ് ​അ​റ​സ്റ്റ്. കേ​ജ്‌​രി​വാ​ളും​ ​പ​ഞ്ചാ​ബ് ​മു​ഖ്യ​മ​ന്ത്രി​ ​ഭ​ഗ​വ​ന്ത് ​മ​നും​ ​സി​സോ​ദി​യ​യു​ടെ​ ​വ​സ​തി​ ​സ​ന്ദ​ർ​ശി​ച്ചു.

മ​ദ്യ​ന​യം​ ​പൊ​ടു​ന്ന​നെ​ ​പി​ൻ​വ​ലി​ച്ച​തി​ന് ​ഒ​രു​ ​കാ​ര​ണം​ ​പോ​ലും​ ​ആം​ ​ആ​ദ്മി​ ​സ​ർ​ക്കാ​‌​ർ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ​ബി.​ജെ.​പി.​ ​വ​ക്താ​വ് ​സം​ബി​ത് ​പ​ത്ര​ ​പ്ര​തി​ക​രി​ച്ചു.

പ്രധാനമന്ത്രി മോദിക്ക് കേജ്‌രിവാളിനെ ഭയമാണ്. അതിനാലാണ് കളളക്കേസിൽ കുടുക്കുന്നത്. ഭഗത് സിംഗിനെ പിന്തുടരുന്ന താൻ ഏഴോ എട്ടോ മാസം ജയിലിൽ കഴിയാൻ തയ്യാറായാണ് പോകുന്നത്.

--മനീഷ് സിസോദിയ

സിസോദിയ മാസങ്ങളോളം ജയിലിൽ കിടക്കും.അടുത്തത് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ്

--ബി.ജെ.പി നേതാവ് കപിൽ മിശ്ര