പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി; പതിമൂന്നാം ഗഡു വിതരണം ഇന്ന്

Monday 27 February 2023 1:39 AM IST

ന്യൂ ഡൽഹി: രാജ്യത്തെ എട്ട് കോടിയിൽപ്പരം കർഷകരുടെ അക്കൗണ്ടിലേക്ക് രണ്ടായിരം രൂപ വീതം കേന്ദ്രസർക്കാർ ഇന്ന് കൈമാറും. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പതിമൂന്നാം ഗഡു വിതരണം ഇന്ന് കർണാടകയിലെ ബെലഗാവിയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി,​ 16,800 കോടിയിൽപ്പരം രൂപയാണ് എട്ട് കോടിയിലധികം കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നത്.

കഴിഞ്ഞ ഒക്‌ടോബറിലാണ് ഒടുവിലായി ഗഡു വിതരണം നടന്നത്. കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം വർഷത്തിൽ ആറായിരം രൂപ മൂന്ന് ഗഡുക്കളായിട്ടാണ് കൈമാറുന്നത്. കാർഷിക മേഖലയുടെ വളർച്ചയും,​ കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

2019ലാണ് പ്രധാനമന്ത്രി കിസാൻ സമ്മാന നിധി പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടത്. ഇതുവരെ പതിനൊന്ന് കോടി കർഷക കുടുംബങ്ങൾക്ക് രണ്ടേകാൽ ലക്ഷം കോടി രൂപ കൈമാറി. മൂന്ന് കോടി വനിതകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.