വാഹന പരിശോധന കർശനമാക്കി പൊലീസ്
Monday 27 February 2023 1:59 AM IST
തിരുവനന്തപുരം: ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ച 29 പേർക്കെതിരെയും ഹെൽമറ്റില്ലാതെ പിൻസീറ്റ് യാത്ര നടത്തിയ 51 പേർക്കെതിരെയും പിഴ ചുമത്തി സിറ്റി പൊലീസ്. സിറ്റി പൊലീസ്, എക്‌സൈസ്, മോട്ടോർ വെഹിക്കിൾ, മൈനിംഗ് ആൻഡ് ജിയോളജി എന്നീ വകുപ്പുകൾ നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. കഴക്കൂട്ടം,നാലാഞ്ചിറ, തിരുവല്ലം പാലത്തിന് സമീപം, വഴയില ജംഗ്ഷൻ, പ്രാവച്ചമ്പലം ജംഗ്ഷൻ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്. ഓവർലോഡ് 22, റിയർ മിറർ ഇല്ലാത്ത 7, ടാക്സ് അടക്കാത്ത10, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത 2 എന്നിങ്ങനെ വിവിധ വകുപ്പുകളിലായി 258 നിയമ ലംഘനങ്ങൾ കണ്ടെത്തി.