സ്‌കൂൾ കായികമേള സ്‌കൂൾ ഒളിംപിക്സാക്കും: മന്ത്രി ശിവൻകുട്ടി

Monday 27 February 2023 2:04 AM IST

തിരുവനന്തപുരം: സ്‌കൂൾ കായികമേള സംസ്ഥാന സ്‌കൂൾ ഒളിംപിക്സായി ഉയർത്തുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി . അങ്ങനെയാകുമ്പോൾ ഫുട്‌ബാൾ അടക്കമുള്ള ഗെയിംസ് ഇനങ്ങൾക്കും സ്കൂൾ മേളകളിൽ പ്രാധാന്യം ലഭിക്കും.-കല്ലടിമുഖത്ത് നഗരസഭയുടെ അനന്തപുരി ഫുട്ബാൾ സ്‌റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

പൊതു മൈതാനങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശങ്കയുണ്ടാക്കുന്നു. പൊതു മൈതാനങ്ങളുടെ ആവശ്യകതയുണ്ട്. ലോക്കൽ ക്ലബുകളും ടീമുകളുമാണ് കേരള ഫുട്‌ബാൾ മേഖലയുടെ കരുത്ത്. സ്‌കൂളുകളിൽ മൈതാനങ്ങൾ ഇല്ലാതാക്കി കെട്ടിട നിർമ്മാണം നടത്തരുതെന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജു, കൗൺസിലർ വി.എസ്. സുലോചനൻ, ആർ. ഉണ്ണിക്കൃഷ്ണൻ, ഡി. സജുലാൽ, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ മേടയിൽ വിക്രമൻ, എസ്. സലിം തുടങ്ങിയവർ പങ്കെടുത്തു.