ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തർ​ ; പൊങ്കാല മഹോത്സവം ഇന്ന് മുതൽ

Monday 27 February 2023 2:06 AM IST

പൊങ്കാല മുൻവർഷത്തെക്കാൾ വർദ്ധിക്കുമെന്ന് വിലയിരുത്തൽ

 ദാഹജലവിതരണവും അന്നദാനവും നടത്തുന്നവർക്ക് രജിസ്ട്രേഷൻ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഉത്സവ ലഹരി നിറയ്ക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. മാർച്ച് ഏഴിന് നടക്കുന്ന ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല കുറ്റമറ്റ രീതിയിൽ നടത്താൻ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്റണി രാജുവും മേയർ ആര്യാ രാജേന്ദ്രനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മുൻവർഷത്തെക്കാൾ പൊങ്കാല വർദ്ധിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സ്ത്രീകളുടെ സുരക്ഷ,ഭക്ഷ്യസുരക്ഷ,ഗതാഗതം, കുടിവെള്ളം,ഹരിചട്ടം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് അന്നദാനവും ദാഹജലവിതരണവും നടത്തുന്നവർക്ക് രജിസ്ട്രേഷൻ വേണമെന്നും വൃത്തിഹീനമായ രീതിയിൽ ഇവ കൈകാര്യം ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പരീക്ഷാക്കാലമായതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം മുൻകൂർ പൊലീസ് അനുമതിയോടെ ഉച്ചഭാഷണികൾ സ്ഥാപിക്കണമെന്നും വിളക്കുകെട്ട് ഘോഷയാത്രകളുടെ ഭാഗമായി ഗതാഗത തടസം സൃഷ്ടിക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

വിവിധ സ്ഥലങ്ങളിൽ നിന്ന് സ്ത്രീകൾ കൂട്ടത്തോടെയെത്തുന്നതിനാൽ കനത്ത പൊലീസ് സുരക്ഷയൊരുക്കുമെന്നും പൊങ്കാലയ്ക്ക് സുഗമമായെത്താനും മടങ്ങാനും ഗതാഗത ക്രമീകരണമൊരുക്കുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഭക്ഷ്യസുരക്ഷയ്ക്കായി കോർപ്പറേഷന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. സുരക്ഷയ്ക്കായി യൂണിഫോമിലും മഫ്തിയിലും ഉൾപ്പെടെ പൊലീസിനെ വിന്യസിക്കുമെന്നും രാത്രിയും പകലും ഒരുപോലെ ദൃശ്യങ്ങൾ പകർത്തുന്ന 120 കാമറകൾ നഗരത്തിന്റെ വിവിധയിടങ്ങളിൽ ക്രമീകരിച്ചതായും സിറ്റി പൊലീസ് കമ്മിഷണർ എച്ച്.നാഗരാജു പറഞ്ഞു. നഗരത്തിൽ സിറ്റി ഗ്യാസ് പൈപ്പ് ലൈനിന്റെ ഭാഗമായുള്ള കുഴികൾ നികത്തിയതായും ഉത്സവശേഷം മാത്രമേ പണികൾ പുനരാരംഭിക്കൂവെന്നും ജില്ലാകളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

ഡോ. അശ്വതി സ്‌പെഷ്യൽ ഓഫീസർ

ആറ്റുകാൽ പൊങ്കാല ഉത്സവം ഏകോപിപ്പിക്കാൻ സബ്കളക്ടർ ഡോ.അശ്വതി ശ്രീനിവാസിനെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചു. സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് സുഗമമായ രീതിയിൽ ഉത്സവം നടത്താനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഡോ.അശ്വതി പറഞ്ഞു.

ചെലവിടുന്നത് 8.40 കോടി

ഉത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 8.40 കോടി രൂപയാണ് സർക്കാരും കോർപ്പറേഷനും ചെലവിടുന്നത്. തദ്ദേശ വകുപ്പിൽ നിന്ന് 2.50 കോടി രൂപയുടെ ഭരണാനുമതി നൽകി. തദ്ദേശ വകുപ്പ് അനുവദിച്ച തുകയ്ക്ക് പുറമെ കോർപ്പറേഷൻ 5.2 കോടി രൂപ കൂടി അനുവദിച്ചു.

മറ്റ് ക്രമീകരണങ്ങൾ

ക്ഷേത്ര പരിസരത്ത് ആരോഗ്യ വകുപ്പിന്റെ ആറ് മെഡിക്കൽ ക്യാമ്പുകൾ

24മണിക്കൂറും 25ആംബുലൻസുകളുടെ സേവനം

ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിപണനവും തടയാൻ എക്‌സൈസിന്റെ പട്രോളിംഗ്

കെ.എസ്.ഇ.ബി,കെ.എസ്.ആർ.ടി.സി,ഫയർഫോഴ്സ് കൺട്രോൾ റൂമുകൾ

സപ്ലൈകോയുടെ മൊബൈൽ മാവേലി സ്റ്റോർ മാർച്ച് 5,6,7 ദിവസങ്ങൾ ക്ഷേത്ര പരിസരത്ത്.

റേഷൻ കടകളിൽ മിന്നൽ പരിശോധന നടത്തുന്നതിന് സപ്ലൈ ഓഫീസിന്റെയും ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ

Advertisement
Advertisement