പാകിസ്ഥാനിൽ ആരോഗ്യമേഖല തകർച്ചയിലേക്ക്

Monday 27 February 2023 6:25 AM IST

ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാനിൽ ആരോഗ്യമേഖല തകർച്ചയിലേക്ക്. അവശ്യ മരുന്നുകൾക്ക് രാജ്യത്ത് കടുത്ത പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോർട്ട്. വിദേശനാണ്യ ശേഖരത്തിന്റെ അഭാവം മൂലം മരുന്നുകളോ ആഭ്യന്തര ഉത്പാദനത്തിന് വേണ്ട വസ്തുക്കളോ ഇറക്കുമതി ചെയ്യാനാകുന്നില്ല. ഇതോടെ പല തദ്ദേശീയ ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളും തങ്ങളുടെ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായി.

ഓപ്പറേഷൻ തിയേറ്ററുകളിൽ വൃക്ക, ഹൃദയം തുടങ്ങിയ സങ്കീർണ ശസ്ത്രക്രിയകൾക്ക് വേണ്ട അനസ്തെറ്റിക് മരുന്നുകളുടെ ശേഖരം പരമാവധി രണ്ടാഴ്ചത്തേക്ക് മാത്രമേയുള്ളൂ എന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രികളിൽ ജോലിക്കാരെ പിരിച്ചുവിടലും വ്യാപകമായി.

രാജ്യത്തെ ആഭ്യന്തര മരുന്ന് നിർമ്മാണത്തിന്റെ 95 ശതമാനവും ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളെ ആശ്രയിച്ചാണ്. ഇത്തരത്തിൽ ഇറക്കുമതി ചെയ്ത പല വസ്തുക്കളും ഡോളർ ക്ഷാമം കാരണം കറാച്ചി തുറമുഖത്ത് തടഞ്ഞുവച്ചിട്ടുണ്ട്.

ഇന്ധനം, അവശ്യവസ്തുക്കൾ എന്നിവയുടെ വില കുതിച്ചുയർന്നതും പാക് കറൻസിയുടെ മൂല്യത്തകർച്ചയും മരുന്ന് ഉത്പാദന ചെലവും കുത്തനെ കൂട്ടിയെന്ന് നിർമ്മാതാക്കൾ പറയുന്നു. ആരോഗ്യമേഖലയിലെ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പാകിസ്ഥാൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും കാര്യമായ നടപടികളില്ല.

നിലവിൽ മരുന്ന് ക്ഷാമത്തിന്റെ വ്യാപ്തി വിലയിരുത്താനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിനായി സർവേ ടീമുകള നിയോഗിച്ചു. പാനഡോൽ, ഇൻസുലിൻ, ബ്രൂഫെൻ, ഡിസ്പ്രിൻ, കാൽപോൾ, ടെഗ്രൽ, നിമസുലൈഡ്, ഹെപമെർസ്, ബസ്കപാൻ, റിവോട്രിൽ തുടങ്ങിയ അവശ്യ മരുന്നുകൾക്കെല്ലാം ക്ഷാമമുണ്ട്.