അഭയാർത്ഥി ബോട്ട് തകർന്നു: 58 മരണം

Monday 27 February 2023 6:26 AM IST

റോം : തെക്കൻ ഇറ്റാലിയൻ തീരത്ത് നൂറിലേറെ അഭയാർത്ഥികളുമായെത്തിയ ബോട്ട് തകർന്ന് കൈക്കുഞ്ഞടക്കം 58 മരണം. ഇന്നലെ പുലർച്ചെ കലാബ്രീയ മേഖലയിൽ ക്രോട്ടോൺ നഗരത്തിന് സമീപമാണ് സംഭവം. അപകട സമയം മോശം കാലാവസ്ഥയിൽ കടൽ പ്രക്ഷുബ്ദമായിരുന്നു. നിയന്ത്രണം നഷ്ടമായ ബോട്ട് കരയിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിനിടെ കൂറ്റൻ പാറയിലിടിച്ച് രണ്ടായി പിളരുകയായിരുന്നു. 80 പേരെ രക്ഷിച്ചു. ഇറ്റാലിയൻ അധികൃതർ തെരച്ചിൽ തുടരുകയാണ്. ഈ ബോട്ട് എവിടെ നിന്ന് പുറപ്പെട്ടതാണെന്ന് വ്യക്തമല്ല. ഈജിപ്റ്റിൽ നിന്നോ തുർക്കിയിൽ നിന്നോ പുറപ്പെട്ടതാണെന്ന് കരുതുന്നു. ഇറാൻ, ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, സൊമാലിയ എന്നിവിടങ്ങളിൽ നിന്നുള്ളവർ ബോട്ടിലുണ്ടായിരുന്നതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ആഫ്രിക്കയിൽ നിന്ന് പ്രതിവർഷം നൂറുകണക്കിന് അഭയാർത്ഥികളാണ് ഇറ്റലി വഴി യൂറോപ്പിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നത്. 2014 മുതൽ മദ്ധ്യ മെഡിറ്ററേനിയൻ കടലിലൂടെ അനധികൃത കുടിയേറ്റ ശ്രമം നടത്തിയ ഏകദേശം 20,000ത്തിലേറെ പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തെന്നാണ് കണക്ക്.