ബ്ലാക്ക് ബെൽറ്റ് പുട്ടിനെ മലർത്തിയടിച്ച് യുക്രെയിൻ ബാലൻ !

Monday 27 February 2023 6:29 AM IST

കീവ് : സോവിയ​റ്റ് ചാര സംഘടനയായ കെ.ജി.ബിയിലെ സീക്രട്ട് ഏജന്റായി തുടങ്ങി റഷ്യയുടെ തലപ്പത്തേക്കെത്തിയ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ മാർഷൽ ആർട്സിനോട് കടുത്ത ആരാധനയുള്ള വ്യക്തിയാണ്. പഠനകാലത്ത് തന്നെ എന്തിനെയും എതിർക്കുന്ന സ്വഭാവം കാട്ടിയിരുന്ന പുട്ടിൻ വഴക്കുണ്ടായാൽ മുതിർന്ന കുട്ടികളെ പോലും ഇടിച്ചുവീഴ്ത്തിയിരുന്നു. ജൂഡോയിൽ ബ്ലാക്ക് ബെൽ​റ്റാണ് പുട്ടിൻ. എതിരാളികളെ തന്ത്രമുപയോഗിച്ച് മാത്രമല്ല വേണമെങ്കിൽ അടിച്ചുവീഴ്ത്താനും പഴയ സീക്രട്ട് ഏജന്റിനറിയാം. എന്നാലിപ്പോഴിതാ ആ പുട്ടിനെ മലർത്തിയടിച്ചിരിക്കുകയാണ്. അതും ഒരു കുട്ടി. ! ' ബാങ്ക്സി " എന്ന അപരനാമത്തിൽ പ്രസിദ്ധിയാർജ്ജിച്ച അജ്ഞാത ബ്രിട്ടീഷ് കലാകാരൻ നവംബറിൽ യുക്രെയിനിൽ കീവിന് സമീപം ബൊറൊഡയാൻക നഗരത്തിലെ തകർന്നടിഞ്ഞ ഒരു കെട്ടിടത്തിന്റെ ചുവരിൽ വരച്ച ചിത്രമാണിത്. ബാങ്ക്സി ശരിക്കും ആരാണെന്ന് ഇന്നും വ്യക്തമല്ല. എന്നാൽ ഈ അജ്ഞാത കലാകാരൻ വരയ്ക്കുന്ന ചുവർ ചിത്രങ്ങൾ പലതും ലോക ശ്രദ്ധ ആകർഷിച്ചവയാണ്. അത്തരത്തിൽ ഏറ്റവും ഒടുവിൽ ലോകത്ത് ചർച്ച ചെയ്യപ്പെട്ട ബാങ്ക്സി ചുവർചിത്രമാണ് ജൂഡോ മത്സരത്തിനിടെ വ്ലാഡിമിർ പുട്ടിനെ മലർത്തിയടിക്കുന്ന ആൺകുട്ടിയുടേത്. റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികം അടയാളപ്പെടുത്താൻ ഈ ബാങ്ക്സി ചിത്രമുള്ള ഒരു സ്റ്റാമ്പ് യുക്രെയിൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. റഷ്യൻ അധിനിവേശത്തിനെതിരെ യുക്രെയിൻ നടത്തുന്ന ശക്തമായ ചെറുത്തുനിൽപ്പിന്റെ പ്രതീകമായാണ് ഈ ചിത്രത്തെ കാണുന്നത്. കഴിഞ്ഞ ദിവസം കീവിലെ പ്രധാന പോസ്റ്റ് ഓഫീസിൽ ഈ സ്റ്റാമ്പ് വിതരണം ചെയ്തപ്പോൾ വാങ്ങാൻ ജനങ്ങളുടെ നീണ്ട നിരയായിരുന്നു.

ബൊറൊഡയാൻകയ്ക്ക് പുറമേ കീവ്, ഇർപിൻ, ഹോസ്റ്റോമൽ, ഹൊറെൻക എന്നിവടങ്ങളിലും ബാങ്ക്സി ചുവർചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ബാങ്ക്സിയുടെ പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഇത് പുറംലോകമറിഞ്ഞത്. അധിനിവേശത്തിന്റെ ആദ്യ നാളുകളിൽ റഷ്യൻ സൈന്യം ബൊറൊഡയാൻക പിടിച്ചെടുത്തിരുന്നെങ്കിലും പിന്നീട് ഇവിടെ നിന്ന് പിന്മാറിയിരുന്നു.