അധികാരത്തിലെത്തിയാൽ പാകിസ്ഥാനും ചൈനയ്ക്കും സഹായം നൽകില്ല: നിക്കി ഹേലി

Monday 27 February 2023 6:35 AM IST

വാഷിംഗ്ടൺ : അധികാരത്തിലെത്തിയാൽ ചൈന, പാകിസ്ഥാൻ തുടങ്ങി യു.എസിന്റെ വിരോധികളായ എല്ലാ രാജ്യങ്ങൾക്കും നൽകുന്ന എല്ലാ സഹായങ്ങളും നിറുത്തലാക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാവും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി. 2024 - യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായ റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറിയിൽ നിക്കി മത്സരിക്കുന്നുണ്ട്. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ആദ്യ ഇന്ത്യൻ - അമേരിക്കൻ വംശജയാണ് നിക്കി.

കഴിഞ്ഞ വർഷം 46 ബില്യൺ ഡോളറാണ് യു.എസ് വിദേശ രാജ്യങ്ങൾക്ക് സഹായമായി നൽകിയതെന്നും മറ്റൊരു രാജ്യവും ഇത്രയേറെ ചെലവാക്കിയിട്ടില്ലെന്നും നിക്കി പറഞ്ഞു. ജോ ബൈഡൻ ഭരണകൂടം പാകിസ്ഥാന് സൈനിക സഹായം നൽകുന്നത് പുനരാരംഭിച്ചു. കുറഞ്ഞത് ഒരു ഡസൻ ഭീകര സംഘടനകളുടെയെങ്കിലും ആസ്ഥാനമാണ് അവിടം. മാത്രമല്ല, അവർക്ക് ചായ്‌വ് ചൈനയോടാണ്.

യു.എന്നിൽ ഏറ്റവും കൂടുതൽ അമേരിക്കാ വിരുദ്ധ വോട്ടുകൾ ചെയ്തിട്ടുള്ള രാജ്യങ്ങളിലൊന്നായ സിംബാവെയ്ക്ക് ലക്ഷക്കണക്കിന് ഡോളറുകളാണ് യു.എസ് നൽകിയത്. അമേരിക്കക്കാർക്ക് ചൈന വ്യക്തമായ ഭീഷണി ഉയർത്തുന്നു. എന്നിട്ടും പരിസ്ഥിതി പദ്ധതികൾക്കും മറ്റും അമേരിക്കൻ നികുതിദായകരുടെ പണം നൽകുന്നു. ക്യൂബയ്ക്കും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത അനുയായി ആയ ബെലറൂസിനും വരെ യു.എസ് സഹായം നൽകുന്നു.


ബൈഡൻ മാത്രമല്ല, ദശാബ്ദങ്ങളായി ഇരു പാർട്ടികളിലെയും പ്രസിഡന്റുമാർ ഈ രീതി പിന്തുടരുന്നുണ്ട്. രാജ്യത്തിന്റെ വിദേശ സഹായ നയം ഇപ്പോഴും ഭൂതകാലത്തിൽ കുടുങ്ങിക്കിടക്കുകയാണ്. സഹായം സ്വീകരിക്കുന്ന രാജ്യങ്ങളെ പറ്റി പരിശോധിക്കുന്നില്ല. ഈ രീതികൾ വേരോടെ പിഴുതെറിയാൻ നിശ്ചയദാർഢ്യമുള്ള ഒരു പ്രസിഡന്റിനെയാണ് യു.എസിന് വേണ്ടതെന്നും നിക്കി ഹേലി പറഞ്ഞു.

Advertisement
Advertisement