മോദിയ്‌ക്കും മമതയ്‌ക്കും കോൺഗ്രസിനും ഒരു പോലെ നിർണായകം; മേഘാലയയിലും നാഗാലാന്റിലും വോട്ടിംഗ് ആരംഭിച്ചു

Monday 27 February 2023 8:08 AM IST

കൊഹിമ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാന്റിലും മേഘാലയയിലും വോട്ടിംഗ് ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച പോളിംഗ് വൈകിട്ട് നാല് മണിവരെയാണ്. മേഘാലയയിൽ അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ നീണ്ട ക്യൂവാണ് കാണാനായത്. 60 സീറ്റുകൾ വീതമാണ് ഇരു സംസ്ഥാനങ്ങളിലും നിയമസഭകളിലുള്ളത്. ഇതിൽ മേഘാലയയിൽ ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥി മരിച്ചതിനാൽ വോട്ടെടുപ്പ് മാറ്റിവച്ചു. നാഗാലാൻഡിൽ ഒരുസീറ്റിൽ എതിർസ്ഥാനാർത്ഥി പിന്മാറിയതോടെ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. ബാക്കി സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അകുലുട്ടോ നിയമസഭാ മണ്ഡലത്തിലാണ് ബിജെപി സ്ഥാനാർത്ഥി കഷെറ്റോ കിനിമി വിജയിച്ചത്.

മേഘാലയയിലും നാഗാലാന്റിലും ബിജെപി സഖ്യമാണ് നിലവിൽ ഭരിക്കുന്നത്. എന്നാൽ മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാംഗ്‌മയ്‌ക്കെതിരെ ഭിന്നതയുള്ളതിനാൽ ബിജെപി 60 സീറ്റിലും സ്വന്തം സ്ഥാനാർത്ഥികളെ നി‌ർത്തി. മിക്ക സീറ്റുകളിലും സാംഗ്‌മയുടെ എൻ‌പി‌പി(നാഷണൽ പീപ്പിൾസ് പാർട്ടി), കോൺഗ്രസ്, ബിജെപി, തൃണമൂൽ കോൺഗ്രസ് എന്നിവ തമ്മിൽ നേരിട്ടുള്ള മത്സരമാണ്. മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്‌മയുടെ നേതൃത്വത്തിൽ കോൺഗ്രസ് സാമാജികർ പാർട്ടിവിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ മമതയുടെ പാർട്ടിയാണ് നിലവിൽ ഇവിടെ പ്രതിപക്ഷം.

അതേസമയം നാഗാലാന്റിൽ ബിജെപി എൻഡി‌പിപിയുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. ഇവിടെ 12 സീറ്റുകളിൽ വിജയിച്ചാണ് 2018ൽ ബിജെപി അധികാരത്തിന്റെ ഭാഗമായത്. നാഗാലാന്റിൽ ആദ്യമായി നാല് വനിതാ സ്ഥാനാർത്ഥികളും ജനവിധി തേടുന്നുണ്ട്.മേഘാലയയിൽ 369ഉം നാഗാലാന്റിൽ 183ഉം സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.