ഓഫീസിന്റെ നിലത്ത് കിടന്നുറങ്ങി പണിയെടുത്തിട്ടും രക്ഷയില്ല, ട്വിറ്റർ ബ്ളൂവിന്റെ ചുമതലയുണ്ടായിരുന്ന ടീം ഹെഡും പുറത്ത്

Monday 27 February 2023 11:53 AM IST

വാഷിംഗ്ടൺ: ജോലിതിരക്കുകാരണം വീട്ടിൽ പോകാനാകാതെ ഓഫീസിന്റെ നിലത്ത് കിടന്നുറങ്ങുന്ന ഫോട്ടോ വൈറലായതിന് പിന്നാലെ ഏറെ ശ്രദ്ധനേടിയ ട്വിറ്റർ ജീവനക്കാരിയാണ് എസ്‌തർ ക്രോഫോർഡ്. 2022 ഒക്‌ടോബറിൽ ഇലോൺ മസ്‌ക് ട്വിറ്റ‌ർ ഏറ്റെടുത്തതിന് ശേഷം പ്രോഡക്‌ട് ടീമിൽ അവശേഷിച്ച ചുരുക്കം ജീവനക്കാരിൽ ഒരാളായിരുന്നു എസ്ർതർ. ഇപ്പോഴിതാ എസ്‌തറിനെയും മസ്‌ക് കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്.

ട്വിറ്ററിന്റെ ബ്ളൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്‌ഷൻ, പുതുതായി അവതരിപ്പിക്കുന്ന പേയ്‌മെന്റ് പ്ളാറ്റ്‌ഫോം എന്നിവയുടെ മേധാവിയായി പ്രവർത്തിച്ചുവരികയായിരുന്നു എസ്‌തർ. ട്വിറ്റർ 2.0യുടെ പിറവിക്കായി ജീവനക്കാർ അശ്രാന്തം മണിക്കൂറുകളോളം പണിയെടുക്കണമെന്നാണ് മസ്‌‌ക് മുന്നോട്ടുവയ്ക്കുന്നത്. മസ്‌കിന്റെ രീതികളുമായി പൊരുത്തപ്പെടാൻ തയ്യാറായിരുന്ന ജീവനക്കാരിൽ ഒരാളായിരുന്നു എസ്‌തർ. ട്വിറ്ററിൽ ഒരു പുതിയ ഭരണകൂടം സ്ഥാപിക്കുന്നതിന്റെ ഭാഗമാണ് പുതിയ പിരിച്ചുവിടൽ എന്നാണ് മാദ്ധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്യുന്നത്.

'എന്റെ ശുഭാപ്‌തി വിശ്വാസവും കഠിനാധ്വാനവും തെറ്റായിരുന്നെന്ന് ട്വിറ്റർ 2.0 തെളിയിച്ചിരിക്കുന്നു. ബഹളങ്ങൾക്കും അരാജകത്വത്തിനും ഇടയിലും പ്രവർത്തിച്ച ടീമിനെയോർത്ത് അഭിമാനം'- പുറത്താക്കലിന് പിന്നാലെ എസ്‌തർ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.

സ്‌ക്രീൻ ഷേറിംഗ് ആപ്ളിക്കേഷനായിരുന്ന സ്‌ക്വാഡിന്റെ സി ഇ ഒ ആയിരുന്നു എസ്‌തർ. സ്‌ക്വാഡിനെ 2020ൽ ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു എസ്‌തർ കമ്പനിയുടെ ഭാഗമായത്. തുടർന്ന് ട്വിറ്ററിന്റെ ഡിസൈൻ, എഞ്ചിനീയറിംഗ്, പ്രോഡക്‌ട് വിഭാഗങ്ങളിൽ പ്രവർത്തിച്ചു. ഇതിനുശേഷമാണ് ബ്ളൂ വെരിഫിക്കേഷൻ ഉൾപ്പെടെ വിവിധ പ്രോജക്ടുകളുടെ മേധാവിയായത്.അതേസമയം, ഏറ്റെടുക്കുന്നതിന് മുമ്പ് ഏകദേശം 7500 ജീവനക്കാരുണ്ടായിരുന്ന ട്വിറ്ററിൽ കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം രണ്ടായിരത്തോളം ജീവനക്കാർ മാത്രമാണ് ഇപ്പോഴുള്ളത്.