 ആനവണ്ടി ബഡ്‌ജറ്റ് ടൂറിസം: കോട്ടയത്തിന്റെ കീശയിൽ 22 ലക്ഷം.

Tuesday 28 February 2023 12:10 AM IST

കോട്ടയം : കുറഞ്ഞ ചെലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര സാദ്ധ്യമാക്കുന്ന ആനവണ്ടി ബഡ്ജറ്റ് ടൂറിസം പദ്ധതിയിലൂടെ കോട്ടയം ഡിപ്പോ ഇതുവരെ നേടിയത് 22 ലക്ഷം രൂപ. 55 ട്രിപ്പുകളിലൂടെയാണ് ഈ നേട്ടം 2021 നവംബറിലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ രൂപീകരിച്ചത്.

കോട്ടയത്തു നിന്ന് മലക്കപ്പാറയ്‌ക്കായിരുന്നു ആദ്യ സർവീസ്. കൂടുതൽ ട്രിപ്പും മലക്കപ്പാറയിലേക്കായിരുന്നു. യാത്രക്കാരുടെ എണ്ണമനുസരിച്ച് ഒരു മാസം 6, 7 ട്രിപ്പുകൾ നടക്കാറുണ്ട്. എല്ലാ യാത്രകൾക്കും സ്ഥിരമായി പങ്കെടുക്കുന്നവരുണ്ട്. ഭക്ഷണത്തിന്റെയും പ്രവേശന പാസുകളുടെയും ചെലവുകൾ യാത്രക്കാർ വഹിക്കണം. ഭൂതത്താൻ കെട്ട്, തട്ടേക്കാട്, പൂയംകുട്ടി, ഇഞ്ചത്തൊട്ടി, മൺറോതുരുത്ത്, സാംബ്രാണിക്കൊടി, ​ഗവി തുടങ്ങിയ സ്ഥലങ്ങളിലേക്കും യാത്രകൾ നടത്തി. നെഫർറ്റിറ്റി ആഢംബര കപ്പൽ യാത്ര, വയനാട് ട്രിപ്പ്, ദ്വിദിന മൂന്നാർ യാത്ര, പഞ്ചപാണ്ഡവ ക്ഷേത്ര സന്ദർശനം എന്നിവ നേട്ടമായി.

 ലക്ഷ്യം അന്തർസംസ്ഥാന യാത്ര

പദ്ധതിയുടെ രണ്ടാം വർഷം അന്തർസംസ്ഥാന യാത്രകൾ ഒരുക്കാനാണ് ബഡ്ജറ്റ് ടൂറിസം സെല്ലി​ന്റെ ലക്ഷ്യം. ബസിൽ തന്നെ കേരളത്തിൽ താമസമൊരുക്കുന്ന ടൂർ പാക്കേജുകളും ലക്ഷ്യമിടുന്നുണ്ട്. ബസിൽ താമസവും ഭക്ഷണവും ലഭ്യമാക്കുന്ന പദ്ധതി ഈവർഷം നടപ്പായേക്കും. 50 പേരടങ്ങുന്ന ​സംഘത്തിന് പ്രത്യേകം യാത്ര ക്രമീകരിക്കും. മൂകാംബിക, നെയ്യാർ ഡാം എന്നിവിടങ്ങളിലേക്കും യാത്ര തുടങ്ങാനുള്ള ശ്രമത്തിലാണെന്ന് കോ - ഓർഡിനേറ്റർ വിജു കെ നായർ പറഞ്ഞു. അന്വേഷണങ്ങൾക്കും ബുക്കിംഗിനും ഫോൺ: 9188456895.

കപ്പലിലൂടെ എട്ട് ലക്ഷം

 നെഫർറ്റിറ്റി കപ്പൽ യാത്ര (6 ട്രിപ്പ്) - 8 ലക്ഷം

 വയനാട് (ഒരു ട്രിപ്പ്) - 1.90 ലക്ഷം

 ഗവി (രണ്ടു ട്രിപ്പ്) - 1.65 ലക്ഷം

മാർച്ചിലെ യാത്രകൾ (തീയതി, സ്ഥലം, നിരക്ക്)  5 - സാബ്രാണിക്കൊടി, മൺട്രോതുരുത്ത് - 990  11 - മലക്കപ്പാറ - 720  17 - നെഫർറ്റിറ്റി കപ്പൽയാത്ര - 2949