ചലച്ചിത്രമേളയ്‌ക്ക് ഇന്ന് കൊടിയിറക്കം

Tuesday 28 February 2023 12:35 AM IST

കോട്ടയം: കോട്ടയത്തെ ലോക നെറുകയിലെത്തിച്ച അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം. അഞ്ചു ദിവസത്തെ മേളയുടെ സമാപന പരിപാടികൾ ഇന്ന് വൈകിട്ട് അഞ്ചിന് അനശ്വര തിയേറ്ററിൽ നടക്കും.

ഇന്ത്യ, ഇറാൻ, ഫ്രാൻസ്, ജർമനി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 39 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്. സുവർണ ചകോരം നേടിയ ബൊളിവീയൻ ചിത്രം ഉതമ, ഫിറാസ് കൗരി സംവിധാനം ചെയ്ത ആലം, സ്പാനിഷ് ചിത്രം പ്രിസൺ 77, ഡാരൺ അർണോഫ്‌സ്‌കിയുടെ ദി വെയ്ൽ, ഇറാനിയൻ ചിത്രം ലൈലാസ് ബ്രദേഴ്‌സ്, മലയാള ചിത്രം നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളെല്ലാം ഹൗസ്‌ഫുള്ളായിരുന്നു.

 'നോ ബിയേഴ്‌സ്' സമാപന ചിത്രം

ഫ്രാൻസിലേക്ക് പലായനം ചെയ്യുന്നതിനായി വ്യാജ പാസ്‌പോർട്ടുകൾ കരസ്ഥമാക്കാൻ ശ്രമിക്കുന്ന പങ്കാളികളുടെ കഥ പറയുന്ന ജാഫർ പനാഹിയുടെ 'നോ ബിയേഴ്‌സ്' മേളയിലെ സമാപന ചിത്രമാകും. അനശ്വര തിയേറ്ററിൽ വൈകിട്ട് ആറിനാണ് പ്രദർശനം. 2022 ലെ ചിക്കാഗോ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും വെനീസ് മേളയിൽ സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും നേടിയ 'നോ ബിയേഴ്‌സിൽ' ജാഫർ പനാഹി മുഖ്യവേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഓസ്കാർ എൻട്രിയായ ലാസ്റ്റ് ഫിലിം ഷോ, ഏക്താര കളക്റ്റീവി​ന്റെ എ പ്ലേസ് ഓഫ് അവർ ഓൺ, ഫ്രീഡം ഫൈറ്റ്, 19 (1) (എ) തുടങ്ങിയ ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും.