ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും കോട്ടയത്ത്

Tuesday 28 February 2023 6:09 AM IST

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും മാർച്ച് 6ന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും. സിദ്ദിഖ്, ഇന്ദ്രൻസ്, ബാബുരാജ്,ഹരിശ്രീ അശോകൻ,ഷമ്മി തിലകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ,നൻപകൽ നേരത്ത് മയക്കത്തിലൂടെ ശ്രദ്ധേയയായ രമ്യ സുവി തുടങ്ങി എഴുപതോളം താരങ്ങൾ അണിനിരക്കുന്നു. രണ്ടു പുതുമുഖ നായികമാരുണ്ട്.മാർച്ച് 8ന് ടൊവിനോ ജോയിൻ ചെയ്യും. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.ജിനു വി.ഏബ്രഹാം രചന നിർവഹിക്കുന്നു. ഗൗതം ശങ്കർ ആണ് ഛായാഗ്രഹണം. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാളചിത്രം എന്ന പ്രത്യേകതയുണ്ട്. കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തിയേറ്രർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം എന്നിവർ ചേർന്നാണ് നിർമ്മാണം. കട്ടപ്പന,മുണ്ടക്കയം എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകൾ. പ്രൊഡക്ഷൻ കൺട്രോളർ-ജംഷീർ പുറക്കാട്ടിരി.പി.ആർ. ഒ ശബരി.